ദുബൈ: പതിവായി പോകുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം തട്ടിയെടുത്ത പ്രവാസി ഒടുവില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. 32 വയസുകാരനായ ഇയാള്‍ക്ക് ഒരു മാസം ജയില്‍ ശിക്ഷയും തട്ടിയെടുത്ത സംഖ്യയ്ക്ക് തുല്യമായ തുക പിഴയും കോടതി ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി വിധിയിലുണ്ട്.
ഒരു സുഹൃത്തിനൊപ്പമാണ് പ്രതി മോഷണം നടത്തിയത്. പതിവായി സന്ദര്‍ശിക്കാറുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ അവിടെ പണം സൂക്ഷിക്കുന്ന ഡ്രോയര്‍ ശരിയായി അടയ്ക്കാറില്ലെന്ന് മനസിലാക്കിയാണ് മോഷണത്തിന് പദ്ധതിയിട്ടത്. തുടര്‍ന്ന് യുവാവും സുഹൃത്തും ചേര്‍ന്ന് അര്‍ദ്ധരാത്രിക്ക് ശേഷം സൂപ്പര്‍മാര്‍ക്കറ്റിലെത്തി. ഒരാള്‍ ക്യാഷ്യറുടെ ശ്രദ്ധ തിരിച്ചപ്പോള്‍ മറ്റൊരാള്‍ പണം മോഷ്ടിച്ചു. 10,000 ദിര്‍ഹമാണ് ബോക്സിലുണ്ടായിരുന്നത്. പരമാവധി പണം ക്യാഷ് ബോക്സിലുണ്ടാവാന്‍ സാധ്യതയുള്ള സമയമെന്ന നിലയിലാണ് അര്‍ദ്ധരാത്രിക്ക് ശേഷം കട അടയ്ക്കുന്നതിന് തൊട്ട് മുമ്പ് മോഷണത്തിന് പദ്ധതിയിട്ടത്.
പിന്നീട് പണപ്പെട്ടി പരിശോധിച്ചപ്പോള്‍ മോഷണം തിരിച്ചറിഞ്ഞ ക്യാഷ്യര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സിസിടിവി പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയവരെ തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് പ്രതികളിലൊരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. താന്‍ ക്യാഷ്യറുടെ ശ്രദ്ധ തെറ്റിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിന് പ്രതിഫലമായി 500 ദിര്‍ഹം മാത്രമാണ് തനിക്ക് തന്നതെന്നും ഇയാള്‍ പറഞ്ഞു. ആ പണം ചെലവാക്കുകയും ചെയ്‍തു. പൊലീസ് അന്വേഷിക്കുന്നത് മനസിലാക്കി കീഴടങ്ങാനെത്തിയതാണെന്നും ഇയാള്‍ പറഞ്ഞു. മറ്റ് പ്രതിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കീഴടങ്ങിയ യുവാവിന് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിക്കുകയായിരുന്നു