രാഹുലിന്റെ അംഗത്വം റദ്ദാക്കിയതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

 



ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അംഗത്വ റദ്ദാക്കിയതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. പാർട്ടി പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പാർട്ടിയുടെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ​നേതാക്കൾ യോഗം ചേർന്നിരുന്നു. അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ മുൻ അധ്യക്ഷ

സോണിയ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പ​ങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധത്തെ സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

രാഹുൽ ഗാന്ധിയെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾക്ക് നന്ദിയറിയിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ രാജ്യവ്യാപക പ്രക്ഷോഭമുണ്ടാകും. നിലവിൽ കോൺഗ്രസ് പ്രസിഡന്റ് പാർലമെന്റിനകത്ത് പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടു പോകുന്നുണ്ട്. ഇനി പാർട്ടി നേതൃത്വം പാർലമെന്റിന് പുറത്തും പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റാണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച മാർച്ച് 23 മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വിലങ്ങ്  . ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടിഎന്നാണ് അവരുടെ വാദം 

കോടതി ശിക്ഷ വിധിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ എത്തിയിരുന്നു. കൂടാതെ, കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കി കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.