ആറ് വയസുകാരനെ മിഠായി തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചു

 


ആറ് വയസ്സുകാരനെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന് 10 വര്‍ഷം കഠിന തടവും ഇരുപതിനായിരത്തി അഞ്ഞൂറു രൂപ പിഴയും ശിക്ഷ. തൃശൂര്‍ നാട്ടിക സ്വദേശി ചാഴുവീട്ടില്‍ 42 വയസുള്ള പ്രകാശനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2020 നവംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി മിട്ടായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സൈക്കിളിലിരുത്തി ക്കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് വിവരം വീട്ടുകാരെ അറിയിച്ചു.തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വലപ്പാട് സബ് ഇന്‍സ്‌പെക്ടറായിരുന്ന വി.പി അരിസ്റ്റോട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. വലപ്പാട് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ നൗഷാദ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.