ന്യൂഡൽഹി: ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജനാധിപത്യത്തിന്റെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും മമത പ്രതികരിച്ചു.
"പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യം. ക്രിമിനൽ പശ്ചാത്തലമുള്ള നേതാക്കളെ ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നു, പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അധഃപതനത്തിനാണ് നാം സാക്ഷ്യം വഹിച്ചിരിക്കുന്നത്". മമത പറഞ്ഞു.
മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ടു വർഷം ശിക്ഷിച്ചതോടെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയത്. ഇനി ആറ് വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല എന്നതാണ് ഈ വിധിയിലൂടെ സംഭവിക്കാൻ പോവുന്നത്