ജീവൻ രക്ഷിച്ച ആളോടുള്ള നന്ദി: പക്ഷിയുടെയും മുഹമ്മദ്‌ അരിഫിന്റെയും സൗഹൃദം വൈറലായി -കേസെടുത്ത് യൂപി വനംവകുപ്പ്



 അമേഠി: കാലിന് ഗുരുതരമായി പരിക്കേറ്റ സാരസ് എന്ന പക്ഷിയെ പരിചരിച്ച് രക്ഷപ്പെടുത്തിയ യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ മന്ദ്ക ഗ്രാമത്തിൽ മുഹമ്മദ് ആരിഫ് എന്ന 35 കാരൻ പരിക്കേറ്റ നിലയിൽ പക്ഷിയെ കണ്ടെത്തുന്നത്. തുടർന്ന് ഇതിനെ വീട്ടിൽ കൊണ്ടുപോയി ഏകദേശം ഒരു വർഷത്തോളം പരിപാലിച്ചു. പരിക്ക് ഭേദമായിട്ടും പക്ഷി ഇയാളെ വിട്ടുപോയിരുന്നില്ല. യുവാവ് പോകുന്നിടത്തെല്ലാം പക്ഷിയും പോയി. ഈ സംഭവം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ശനിയാഴ്ചയാണ് യുവാവിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. ആരിഫിന്റെ വീട്ടിൽ നിന്ന് പക്ഷിയെ ചൊവ്വാഴ്ച റായ്ബറേലി സങ്കേതത്തിലേക്ക് മാറ്റും.പിന്നീട് ഇതിനെകാൺപൂർ മൃഗശാലയിലേക്ക് മാറ്റും. ഇതോടെ അപൂർവ മനുഷ്യ-പക്ഷി സൗഹൃദം അവസാനിക്കും.

കാലൊടിഞ്ഞ നിലയിൽ ആൺ പക്ഷിയെ വയലിൽ നിന്നാണ് താൻ കണ്ടതെന്നും കർഷകനായ ആരിഫ് പറയുന്നു. ''ഞാൻ അതിനെ വീട്ടിൽ കൊണ്ടുവന്ന് പരിപാലിക്കാൻ തുടങ്ങി. അതിന്റെ മുറിവിൽ മഞ്ഞളും കടുകെണ്ണയും പുരട്ടി കാലിൽ ഒരു വടി കെട്ടി താങ്ങി നിർത്തി. ഒരിക്കലും അതിനെ തടവിലാക്കിയിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. ''ആഴ്ചകൾക്കുള്ളിൽ, പക്ഷി സുഖം പ്രാപിക്കാൻ തുടങ്ങി. താമസിയാതെ പറക്കാനും തുടങ്ങി. അത് വീടിന് പുറത്തുള്ള മുറ്റത്ത് താമസിച്ചു. പക്ഷേ, അത് കാട്ടിലേക്ക് മടങ്ങിയില്ല. ഗ്രാമത്തിലൂടെ മോട്ടോർ സൈക്കിളിൽ പോകുമ്പോൾ അത് തന്നെ പിന്തുടരും. വൈകുന്നേരങ്ങളിൽ എന്റെ വീട്ടിൽ വന്ന് എന്നോടൊപ്പം ഭക്ഷണം കഴിക്കും'.ആരിഫ് പറയുന്നു. ഈ സംഭവം ആരോ വീഡിയോ എടുക്കുകയും ഓൺലൈനിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. അതിന് ശേഷം വീട്ടിൽ സന്ദർശകരുടെയും മാധ്യമങ്ങളുടെയും തിരക്കായിരുന്നെന്നും ആരിഫിന്റെ കുടുംബം പറയുന്നു