ചെന്നൈ: തമിഴ്‌നാട്ടിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധ നേടിയ നാലാം ക്ലാസുകാരി പ്രതീക്ഷ ജീവനൊടുക്കി. 'റീൽസ് ക്വീൻ' എന്ന പേരിൽ പ്രശസ്തയായിരുന്നു ഒൻപതു വയസുകാരി. തിരുവള്ളൂർ സ്വദേശിയാണ്.
പഠനത്തിൽ ശ്രദ്ധിക്കാത്തതിന് കൂട്ടുകാർക്കുമുൻപിൽ വച്ച് പിതാവ് ശകാരിച്ചതിനു പിന്നാലെയാണ് പ്രതീക്ഷ ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. മുത്തശ്ശിയുടെ വീട്ടിന്റെ മുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ പിതാവ് കൃഷ്ണമൂർത്തി പഠിക്കാതെ മുഴുസമയവും പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിന് ചൂടായി.
തുടർന്ന് വീട്ടിലേക്ക് പോകാൻ പറഞ്ഞ് മാതാപിതാക്കൾ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി. ഒരു മണിക്കൂർ കഴിഞ്ഞു മടങ്ങിവന്നപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിൽ മുട്ടിയിട്ടും ഉറക്കെ വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. ഒടുവിൽ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിനകത്തുള്ള ഗ്രില്ലിൽ തുണികൊണ്ട് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു പ്രതീക്ഷ. ഉടൻ തന്നെ ഇവർ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ തിരുവള്ളൂർ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അപ്രതീക്ഷിത മരണത്തിലുള്ള ഞെട്ടലിലാണ് നാട്ടുകാർ. കഴിഞ്ഞ ആറു മാസത്തിനിടെ 70 റീലുകളാണ് പ്രതീക്ഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്.