പെൻഷൻ മാനദണ്ഡങ്ങൾ സുതാര്യമാക്കണം -നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ




കാസർകോട്: സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങൾ സുതാര്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഴുവൻ എം.എൽ.എമാരുടെയും ശ്രദ്ധ വീണ്ടും ക്ഷണിച്ച് കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ നിവേദനം നൽകി. സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും, അനുബന്ധ നിർദ്ദേശങ്ങളും ക്രോഡീകരിച്ച് കേരള സർക്കാർ 33 തവണ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നതിൽ ഓരോ പെൻഷനുകൾക്കും വ്യത്യസ്ത അർഹതാ മാനദണ്ഡങ്ങൾ  പ്രതിപാദിക്കുന്നുണ്ട്. എന്നാൽ പൊതു മാനദണ്ഡങ്ങൾക്ക് പുറമെ വ്യത്യസ്ത പെൻഷനുകൾക്ക് വ്യത്യസ്തമായ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താവിന്റെ / അപേക്ഷകന്റെ ഭൗതീക സാഹചര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യേണ്ട ചില കാര്യങ്ങൾ സുതാര്യമാക്കുന്നതിനും, വ്യക്തത വരുത്തുന്നതിനും എം.എൽ.എമാരുടെ ശ്രദ്ധ ക്ഷണിച്ചാണ് ചെയർമാൻ നിവേദനം നൽകിയത്. 


സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ കെട്ടിടമുള്ളവർ അർഹതാ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന് പറയുന്നു. എന്നാൽ സ്വന്തമായി ഇത്തരം വീടില്ലാത്ത മക്കളുടെയോ, ബന്ധുക്കളുടെയോ ആശ്രിതരായി കഴിയുന്നവർ ഇത് കാരണമായി പെൻഷന് അർഹരല്ലാത്തവരായിത്തീരുന്നു. ഇത് കാരണം വിധവകൾക്കും, വികലാംഗർക്കും പെൻഷൻ ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇതിൽ വീട് സ്വന്തമല്ലാത്തവരെ ഒഴിവാക്കുന്നതിൽ നിന്നും ഇളവ് ചെയ്ത് മാനദണ്ഡം പരിഷ്കരിക്കുന്നതിന് നടപടിയുണ്ടാവണം.

കൂടാതെ താമസിക്കുന്ന വീട്ടിൽ എയർകണ്ടീഷൻ ഉള്ളവർക്കും, കുടുംബത്തിൽ 1000 സി.സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള എ.സി. വാഹനങ്ങൾ ഉള്ളവർക്കും പെൻഷൻ നിഷേധിക്കുന്നു. ഇതിലും വിധവകളും, വികലാംഗരും ഉൾപ്പെടുന്നു. ഇക്കാര്യത്തിലും ഇളവ് നൽകുന്നതിന് നടപടി യുണ്ടാവണം.

മേൽ ഉത്തരവ് അന്വഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കുകയും, റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. 60 വയസ്സ് കഴിഞ്ഞ വൃദ്ധർക്കും, വിധവകൾക്കും, വികലാംഗർക്കുമാണ് പൊതുവായ മാനദണ്ഡങ്ങൾക്ക് വിധേയമായി പെൻഷന് അർഹതയുള്ളത്. എന്നാൽ മേൽ വിഭാഗത്തിൽപ്പെട്ടവർ അർഹരായിട്ടും മറ്റു ചില മാനദണ്ഡങ്ങളുടെ പേരിൽ തഴയപ്പെടുകയാണ്. അതും അവരുടെ സ്വന്തം പേരിലല്ലാഞ്ഞിട്ട് പോലും. അത് കൊണ്ട് ഭൗതീക സാഹചര്യങ്ങൾ ഗുണഭോക്താവിന്റെ / അപേക്ഷകന്റെ ഉടമസ്ഥതയിലാണെങ്കിൽ മാത്രമേ അർഹതാ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുകയുള്ളു എന്ന ഭേദഗതി ഉണ്ടാക്കുന്നതിന് ശ്രദ്ധ ചെലുത്തണമെന്നും  പ്രായപരിധി, വിധവ - വികലാംഗർ എന്നുള്ള മുൻഗണനാടിസ്ഥാനത്തിൽ തന്നെ ഓരോ പെൻഷനും അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നും കൈകൊള്ളുന്നതിന് ഇടപെടൽ  നടത്തണമെന്നും കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ എം.എൽ.എമാരോട് അഭ്യർത്ഥിച്ചു. ഇതേ വിഷയത്തിൽ നേരത്തെയും മുഴുവൻ എം.എൽ.എമാർക്കും അഡ്വ. വി.എം. മുനീർ നിവേദനം നൽകിയിരുന്നു.