പള്ളികളിൽ പരസ്യങ്ങൾ പതിക്കാനോ സംഭാവന പെട്ടികൾ സ്ഥാപിക്കാനോ പാടില്ല കുവൈത്ത് ഔകാഫ് മന്ത്രാലയം




 റമദാൻ മാസത്തിൽ കുവൈത്തിൽ പള്ളികളിൽ സംഭാവന പിരിക്കുന്നതിന് നിയന്ത്രണം തുടരും. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ച സന്നദ്ധ സംഘടനകൾക്ക് മാത്രമായിരിക്കും പണപ്പിരിവിന് അനുമതിയുണ്ടാവുക. പള്ളികളിൽ സംഭാവന പിരിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിളെയും മസ്ജിദ് വിഭാഗം ഡയറക്ടർമാർക്ക് നൽകിയതായി ഔകാഫ് മന്ത്രാലയം മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. അഹമ്മദ് അൽ-ഒതൈബി പറഞ്ഞു. സംഭാവന പിരിക്കുന്നതിനായി എത്തുന്ന ജീവകാരുണ്യ സംഘടനയുടെ പ്രതിനിധി മുൻകൂട്ടി ഇക്കാര്യം പള്ളികളിലെ ഇമാമിനെ അറിയിക്കണം. എന്നാൽ സ്ഥാപന പ്രതിനിധികൾക്ക് പള്ളിക്കുള്ളിൽ സംസാരിക്കാൻ അനുവാദമില്ലെന്ന് അൽ ഒതൈബി വ്യക്തമാക്കി. 

പള്ളികളിൽ പരസ്യങ്ങൾ പതിക്കാനോ സംഭാവന പെട്ടികൾ സ്ഥാപിക്കാനോ പാടില്ല. അതേസമയം, മസ്ജിദിന്റെ കവാടത്തിന് പിന്നിലെ മതിലിനോട് ചേർന്ന് പരസ്യ പലകകൾ സ്ഥാപിക്കാം. പിരിവിനു നിയോഗിക്കപ്പെട്ട സംഘടന പ്രതിനിധി അനുമതി കാർഡ് പ്രദർശിപ്പിക്കണം. വ്യക്തികളിൽനിന്ന് പണമായി സംഭാവന സ്വീകരിക്കരുത്. കെ.നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ചെയ്യേണ്ടത്. നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ സ്ഥാപന പ്രതിനിധിക്കെതിരെ നടപടി സ്വീകരിക്കും. പരാതികൾ ഉള്ളവർ മന്ത്രാലയത്തിൻറെ ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു.