സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് 20 മരണം

 


ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അസീർ പ്രവിശ്യയിലെ ചുരത്തിലാണ് അപകടമുണ്ടായത്. മരിച്ച 20 പേരും ഏഷ്യൻ വംശജരാണെന്നാണ് പ്രാഥമിക വിവരം.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ 29 പേർക്ക് പരിക്കുണ്ടന്ന് ഖലീജ് ടൈമ്സ് റിപ്പോർട്ട് ചെയ്തു . ഇവരെ അസീറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ബംഗ്ലദേശി പൗരന്മാരായിരുന്നതായാണ് റിപ്പോർട്ടുകൾ. ഏഷ്യൻ വംശജർ നടത്തുന്ന ഉംറ ഓപ്പറേറ്റിംഗ് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ചുരത്തിൽ നിന്നും ബസ് ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. സംഭവസ്ഥലത്ത് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്