കൊച്ചി: ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. നോണ്‍ റിലിജീയസ് സിറ്റിസണ്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വെറും പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. നോണ്‍ റിലിജീയസ് സിറ്റിസണ്‍സിന് പുറമേ ടിഎം ആരിഫ് ഹുസൈന്‍, നൗഷാദ് അലി, ഷാഹുല്‍ ഹമീദ്, യാസീന്‍ എം, കെ അബ്ദുല്‍ കലാം എന്നിവരും ഹര്‍ജിയില്‍ പങ്കാളികളാണ്.
18 വയസ്സിന് മുന്‍പ് ചേലാകര്‍മ്മം നടത്തുന്നത് കുട്ടികളുടെ മൗലികാവശങ്ങളുടെ പച്ചയായ ലംഘനവും മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു ഹര്‍ജി. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കോടതി നിയമനിര്‍മ്മാണ സമിതിയല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. പരാതിക്കാര്‍ക്ക് അവരുടെ വാദം കൃത്യമായി സമര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.