വാലന്റൈൻസ് ഡേയ്ക്ക് കാമുകിക്ക് സമ്മാനം വാങ്ങാൻ ആടിനെ മോഷ്ടിച്ച കോളേജ് വിദ്യാർത്ഥിയും സുഹൃത്തും പൊലീസ് പിടിയിൽ. തമിഴ്നാട്ടിലെ ബീരങ്കി മേട് ഗ്രാമത്തിലാണ് സംഭവം. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി എം അരവിന്ദൻ, സുഹൃത്ത് എം മോഹൻ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച്ചയായിരുന്നു മോഷണം നടത്തിയത്. കണ്ടച്ചിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലയരസൻ കുപ്പം ഗ്രാമത്തിലെ രേണുക എന്ന സ്ത്രീയുടെ ആടിനെയാണ് യുവാക്കൾ മോഷ്ടിച്ചത്. അരവിന്ദനും സുഹൃത്തും ചേർന്ന് ആടിനെ മോഷ്ടിക്കുന്നത് രേണുക തന്നെയാണ് ആദ്യം കണ്ടത്. ബൈക്കിലെത്തിയ യുവാക്കൾ രേണുക വളർത്തിയിരുന്നു ആടുകളിൽ നിന്ന് ഒന്നിനെ കടത്തിക്കൊണ്ടുപോകാനായിരുന്നു പദ്ധതി.
ആടിനെ മോഷ്ടിക്കുന്നത് കണ്ടതോടെ രേണുക ബഹളം വെച്ചു. ഇതോടെ അയൽവാസികൾ അരവിന്ദനേയും സുഹൃത്തിനേയും പിന്തുടർന്ന് പിടിക്കുകയായിരുന്നു. പൊലീസെത്തി ഇരുവരേയും അറസ്റ്റ് ചെയ്തു.