പാരിസ്: ലയണൽ മെസി 2022ലെ 'ഫിഫ ദി ബെസ്റ്റ്' ആയി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ താരങ്ങളുടെ വോട്ടിങ് വിവരങ്ങളും പുറത്ത്. 52 പോയിന്റുമായാണ് മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കിലിയൻ എംബാപ്പെയും കരീം ബെൻസേമയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. അതേസമയം, അർജന്റീന നായകനെന്ന നിലയിൽ വോട്ടിങ് അവകാശമുണ്ടായിരുന്ന മെസി എംബാപ്പെയ്ക്കു പകരം പി.എസ്.ജിയിലെ സഹതാരം എംബാപ്പയ്ക്കു പകരം നെയ്മറിനാണ് ആദ്യ വോട്ട് നൽകിയതെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു.
ദേശീയ ടീം നായകന്മാർ, പരിശീലകർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള 300 മാധ്യമപ്രവർത്തകർ, താരങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ആരാധകർ എന്നിവരാണ് മികച്ച താരത്തെ തിരഞ്ഞെടുക്കാനായി വോട്ട് രേഖപ്പെടുത്തിയത്. ഓരോ വിഭാഗത്തിനും 25 വീതം പോയിന്റാണ് നൽകിയിരുന്നത്. മെസി ആദ്യ വോട്ട് നൽകിയ സുഹൃത്തും സഹതാരവുമായ നെയ്മർ പക്ഷെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പി.എസ്.ജി സഹതാരം കൂടിയായ എംബാപ്പെയ്ക്ക് രണ്ടും ബെൻസേമയ്ക്ക് മൂന്നും വോട്ടുകൾ നൽകിയിട്ടുണ്ട്.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എംബാപ്പെയ്ക്കു ലഭിച്ചത് 44 പോയിന്റാണ്. ബെൻസേമയ്ക്ക് 34 പോയിന്റും. ലൂക്ക മോഡ്രിച്ച്(28), എർലിങ് ഹാലൻഡ്(24), സാദിയോ മാനെ(19), ജൂലിയൻ അൽവാരസ്(17), അഷ്‌റഫ് ഹക്കീമി(15), നെയ്മർ(13), കെവിൽ ഡിബ്യൂയിൻ(10), വിനീഷ്യസ് ജൂനിയർ(10), റോബർട്ട് ലെവൻഡോവ്‌സ്‌കി(ഏഴ്), ജ്യൂഡ് ബെല്ലിങ്ങാം(മൂന്ന്) മുഹമ്മദ് സലാഹ്(രണ്ട്) എന്നിങ്ങനെയാണ് പട്ടികയിൽ താരങ്ങൾക്ക് ലഭിച്ച പോയിന്റ്.
ഇംഗ്ലണ്ട് ക്യാപ്റ്റൻ മെസിക്ക് ആദ്യ വോട്ട് നൽകിയപ്പോൾ എംബാപ്പെയെ പിന്തുണച്ചതേയില്ല. മാനെ, ബെൻസേമ എന്നിവർക്കാണ് രണ്ട്, മൂന്ന് വോട്ടുകൾ നൽകിയത്. ഈജിപ്ത് ക്യാപ്റ്റൻ മുഹമ്മദ് സലാഹ് മെസിക്ക് ഒരു വോട്ടും നൽകിയില്ല. ബ്രസീൽ താരം വിനീഷ്യസിനായിരുന്നു താരത്തിന്റെ ആദ്യ വോട്ട്. ഡിബ്യൂയിൻ, ഹകീമി എന്നിവർക്കാണ് മറ്റു വോട്ടുകൾ നൽകിയത്.