അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയതത് ഗുജറാത്തിലെന്ന് റിപ്പോർട്ട്. 80 കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. തെട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. 76 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശാണ് മൂന്നാം സ്ഥാനത്ത്. 41 ആളുകളാണ് ഇവിടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിൽ 40 ഉം ബിഹാറിൽ 38 പേരും ഇത്തരത്തിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്ന് കണക്കുകൾ പറയുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ രാജ്യസഭിയില്‍ പങ്കുവെച്ചത്. 2017 ഏപ്രിൽ 1 നും 2022 മാർച്ച് 31 നും ഇടയിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട കസ്റ്റഡി മരണങ്ങളുടെ വിശദാംശങ്ങളാണ് അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ചത്.
ആകെ 669 പൊലീസ് കസ്റ്റഡി മരണങ്ങളാണ് ഈ കലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2017-2018 146 കേസുകളും 2018-2019-ൽ 136ഉം 2019-2021-ൽ 112 ഉം 2020-2021-ൽ 100ഉം 2021-2022-ൽ 175 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2017-18ൽ 14 മരണങ്ങളാണ് ഗുജറാത്തിൽ പോലീസ് കസ്റ്റഡിയിലുണ്ടായത്. 2018-19ൽ 13 മരണങ്ങളും 2019-20ൽ 12 മരണങ്ങളും 2020-21ൽ 17 മരണങ്ങളും 2021-22ൽ 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.