ഹൈകോടതി മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് മീറ്ററിൽ കൃത്രിമം കാണിച്ച് ഇന്ധനം നിറച്ചു പിന്നാലെ പെട്രോൾ പമ്പ് പൂട്ടി സീൽ ചെയ്തു

 



ന്ധനത്തിന്റെ അളവിൽ കൃത്രിമം കാണിച്ച പമ്പ് ഉടനടി അടച്ചുപൂട്ടി അധികൃതർ. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. നാടകീയമായാണ് പമ്പിലെ കൃത്രിമം കണ്ടുപിടിക്കപ്പെട്ടത്. ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ പെട്രോൾ അടിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 50 ലിറ്റർ കപ്പാസിറ്റിയുള്ള കാറിന്റെ ടാങ്കിൽ 57 ലിറ്റർ നിറച്ചതിന് ബിൽ നൽകുകയായിരുന്നു. പിടിക്കപ്പെട്ടതിനു പിന്നാലെ ഇന്ധന പമ്പ് സീൽ ചെയ്തു.

ജഡ്ജിയുമായുള്ള യാത്രയ്ക്കിടെ പമ്പിൽ കയറിയ വാഹനത്തിന് ഇന്ധനം നിറയ്ക്കാൻ ഡ്രൈവർ ആവശ്യപ്പെട്ടു. പിൻസീറ്റിലിരുന്ന ജഡ്ജിയുടെ പക്കലാണ് ബിൽ ലഭിച്ചത്. 50 ലീറ്റർ ടാങ്കിൽ 57 ലീറ്റർ നിറച്ചതിനു ബിൽ കണ്ട് ജഡ്ജി അന്തംവിട്ടു. പമ്പിലെ ജീവനക്കാരനോടു സംസാരിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്യുന്നു. 

ജബല്‍പൂരിലെ സിറ്റി ആശുപത്രി ഉടമ സരബ്ജീത്ത് സിങ് മോക്കയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്. കൊറോണ കാലത്ത് റാംഡെസിവിര്‍ മരുന്ന് വിവാദവുമായി ബന്ധപ്പെട്ട കേസിലും മോക്ക പ്രതിയാണ്. സംഭവം വിവാദമായതോടെ ജഡ്ജി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം പമ്പ് സീൽ ചെയ്തു. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള അധികൃതരുടെ നേതൃത്വത്തിൽ പ്രദേശത്തെ പമ്പുകളിൽ പരിശോധനകൾ നടത്തിയ ശേഷം മാത്രമേ പമ്പ് തുറക്കാൻ അനുമതി നൽകുകയുള്ളൂ. 14 അംഗ പാനൽ ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന മെഷിനറി പരിശോധിക്കും. കാലിബറേഷൻ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. 

തട്ടിപ്പിന് ഇരയായ ജഡ്ജിയാണ് പരിശോധനകൾക്ക് മുൻകൈ എടുത്തത്. സാധാരണക്കാർക്ക് ഇത്തരം തട്ടിപ്പ് കണ്ടുപിടിക്കാൻ വലിയ പ്രയാസമാണെന്നും തട്ടിപ്പുകാർക്കെതിരെ കർശന നടപടി വേണമെന്നും ജഡ്ജി ആവശ്യപ്പെട്ടു