ആശ്രമം തീവെപ്പ് കേസിൽ കുറ്റാരോപിതനായ ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ 4 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ



തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുണ്ടമണ്‍കടവ് സ്വദേശി പ്രകാശന്‍ ആത്മഹത്യ ചെയ്ത കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാജേഷ്, ശ്രീകുമാര്‍, കൃഷ്ണകുമാര്‍, സതികുമാര്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇടതുസഹയാത്രികനായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ചു നശിപ്പിച്ച കേസില്‍ കുറ്റാരോപിതനായിരുന്നു ആത്മഹത്യ ചെയ്ത പ്രകാശന്‍. ആർ.എസ്.എസ് സംഘത്തിന്റെ മർദനമാണ് പ്രകാശിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. 

ആശ്രമം കത്തിച്ചത് ആത്മഹത്യ ചെയ്ത പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശന്റെ സഹോദരന്‍ പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആശ്രമത്തിന് തീയിട്ട കാര്യം മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സഹോദരന്‍ തന്നോട് പറഞ്ഞിരുന്നതായാണ് പ്രശാന്ത് വെളിപ്പെടുത്തിയത്. എന്നാല്‍, ഈ മൊഴി കോടതിയില്‍ പ്രശാന്ത് നിഷേധിച്ചു. ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണ് സഹോദരനെതിരെ മൊഴി നല്‍കിയത് എന്നാണ് പ്രശാന്ത് കോടതിയെ അറിയിച്ചത്.