വഖഫ് ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം മന്ത്രിയും സർക്കാരും പിന്തിരിയണം : മൈനോറിറ്റി റൈറ്റ്‌സ് വാച്ച്

 



തൃശൂർ: തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിൽ ചെറുതുരുത്തി നൂറുൽഹുദാ യതീംഖാന്ക്ക് അവകാശപ്പെട്ട അഞ്ച് ഏക്കർ വഖഫ് ഭൂമി കേരള കലാമണ്ഡലത്തിന് നൽകാനുള്ള നിയമവിരുദ്ധ തീരുമാനം റദ്ദാക്കണമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. ഈമാസം ഒന്നിന് വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരുൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വഖഫ് ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചത്. വഖഫ് ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ചട്ടങ്ങൾ ലംഘിച്ചാണ് ഈ നടപടി. ബന്ധപ്പെട്ട വഖഫ് സ്ഥാപനമോ വഖഫ് ബോർഡോ അറിയാതെ നിലവിലുള്ള കേന്ദ്ര വഖഫ് നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായി എടുത്ത തീരുമാനം ന്യൂനപക്ഷ വിദ്യാഭ്യാസ സേവന സ്ഥാപനങ്ങൾക്കും അവയുടെ സ്വത്തുവകക്കും നേരെയുള്ള പരസ്യമായ കടന്നുകയറ്റമാണെന്നും മൈനോറിറ്റി റൈറ്റ്‌സ് വാച്ച് പ്രസ്താവനയിൽ പറഞ്ഞു.

1978 മെയ് 12ന് മുസ്ലിംകളുടെ മതപരവും ധാർമികവുമായ ആവശ്യങ്ങൾക്കു വേണ്ടി അന്നത്തെ യതീംഖാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കോയാമു ഹാജി വഖഫ് ആയി എഴുതിക്കൊടുത്തതാണ് ഈ ഭൂമി. വള്ളത്തോൾ നഗറിലെ കലാമണ്ഡലത്തോട് ചേർന്നുകിടക്കുന്ന യതീംഖാനയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയാണ് സർക്കാർ ഇപ്പോൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. അന്യായവും ന്യൂനപക്ഷ വിരുദ്ധവുമായ ഈ തീരുമാനം എത്രയും വേഗം റദ്ദാക്കി അനാഥാലയത്തിനും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിനുമെതിരായ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച് സെൻട്രൽ സോൺ ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു.