: ആർഎസ്എസുമായി രഹസ്യ ചർച്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ വിശദികരണവുമായി ജമാഅത്ത് ഇസ്‌ലാമി

 


കോഴിക്കോട്: ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തിയെന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി.ആരിഫലി. ആർ.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികളും ബുദ്ധിജീവികളും തമ്മിൽ ചർച്ച നടത്തി എന്നത് ശരിയാണ്.

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ദാറുൽ ഉലൂം ദയൂബന്ത്, അജ്മീർ ദർഗ, ചില ശിഈ സംഘടനാ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ആർ.എസ്.എസ് മുൻകയ്യെടുത്ത് പ്രമുഖരായ മുൻ ബ്യൂറോക്രാറ്റുകൾ വഴിയാണ് ചർച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14 ന് നടന്ന ചർച്ചയെ സംബന്ധിച്ച് നേരത്തെ വാർത്ത വരികയും തദ്‌സംബന്ധമായ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മുസ്ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ആർ.എസ്.എസിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തണം എന്നാണ് സംഘടനാ നേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം. ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകളും പ്രക്ഷോഭങ്ങൾക്കുമൊപ്പം തന്നെ സംവാദങ്ങളും ചർച്ചകളുമാണ് നടക്കേണ്ടത് എന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. തുടർന്ന് ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും നിലപാടുകളെ സംബന്ധിച്ചും മുൻകൂട്ടി ഏകോപനമുണ്ടാക്കുകയായിരുന്നു. വ്യവസ്ഥാപിതവും ഇരു വിഭാഗവും തുല്യനിലയിലുമായിരിക്കണം ചർച്ചയിൽ പങ്കെടുക്കേണ്ടത്, ഏതെങ്കിലും വിഭാഗം പറയുകയും മറുവിഭാഗം കേൾക്കുകയും ചെയ്യുക എന്ന രീതിയാവരുത്, ചർച്ച ഒരു പൊതു തീരുമാനത്തിലെത്തിയാൽ അക്കാര്യം ജനങ്ങളോട് തുറന്നു പറയണം, പൊതു തീരുമാനത്തിലെത്തിയില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് ചർച്ച പ്രവേശിക്കുകയും പൊതുധാരണയിൽ എത്തുന്ന മുറയ്ക്ക് അവ പൊതുസമൂഹത്തെ അറിയിക്കുകയും വേണം എന്നീ ഉപാധികൾ മുന്നോട്ട് വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.