കണ്ണൂർ: ഉത്സവകാലങ്ങളിൽ മുസ്‌ലിം മതസ്ഥരെ വിലക്കി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചുവന്നിരുന്നതിൽ ഒടുവിൽ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടൽ. ബോർഡ് സ്ഥാപിക്കുന്നത് ക്ഷേത്ര കമ്മിറ്റി വിലക്കി. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവിൽ ഉത്സവപ്പറമ്പിൽ സ്ഥാപിച്ചുവരാറുള്ള വിവാദ ബോർഡാണ് ക്ഷേത്ര കമ്മിറ്റി വിലക്കിയത്.
കാലങ്ങളായി ഇവിടെ ക്ഷേത്രോത്സവ സമയത്ത് 'മുസ്‌ലിംകൾക്ക് പ്രവേശനമില്ല' എന്ന ബോർഡ് സ്ഥാപിച്ചുവന്നിരുന്നു. ബോർഡിനെതിരെ കഴിഞ്ഞ വർഷങ്ങളിൽ വ്യാപക പ്രതിഷേധവുമുയർന്നിരുന്നു. , സംഘാടകർ ഇതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സി.പി.എമ്മിന് നിർണായകസ്വാധീനമുള്ള മേഖലയിൽ പാർട്ടി നേതൃത്വം മൗനംപാലിച്ചതും വലിയ ചർച്ചയായി.
ഈ വർഷം മുതൽ വിവാദ ബോർഡ് വേണ്ടെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്ച സംക്രമ അടിയന്തരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംക്രമ പൂജയ്ക്കുശേഷം നടയിൽ ഒത്തുചേർന്ന വാല്യക്കാരുടെ മുൻപാകെ ക്ഷേത്രം കർമി ഷിജു മല്ലിയോടനാണ് തീരുമാനം അറിയിച്ചത്. ഇത് വാല്യക്കാർ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയ്ക്കു വന്നെങ്കിലും ഇരുവിഭാഗങ്ങൾ തമ്മിൽ കൈയാങ്കളിയിൽ കലാശിച്ചതോടെ തീരുമാനം വാല്യക്കാരുടെ കമ്മിറ്റിക്ക് വിടുകയായിരുന്നു.