ഡല്‍ഹി: വാഷിംഗ് മെഷീനിലെ സോപ്പുവെള്ളത്തില്‍ വീണ ഒന്നര വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഴ് ദിവസം കോമയിലും വെന്‍റിലേറ്ററിലും പിന്നീട് 12 ദിവസം വാർഡിലും കഴിഞ്ഞ കുഞ്ഞ് ഇപ്പോള്‍ ആശുപത്രി വിട്ടിരിക്കുകയാണ്. കുട്ടി സാധാരണ രീതിയിൽ പെരുമാറുകയും ശരിയായി നടക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ശ്വാസതടസവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ''ശരീരം നീലനിറത്തിലായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഹൃദയമിടിപ്പ് ദുർബലമായിരുന്നു, പൾസും ബിപിയും ഇല്ലായിരുന്നു," നിയോനാറ്റോളജി ആൻഡ് പീഡിയാട്രിക്സ് ഡയറക്ടർ ഡോ. രാഹുൽ നാഗ്പാൽ പറഞ്ഞു.വാഷിംഗ് മെഷീനില്‍ വീണ കുട്ടി 15 മിനിറ്റോളം സോപ്പുവെള്ളത്തില്‍ കിടന്നിട്ടുണ്ടെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയിലെ മുറിയിലാക്കി പുറത്തുപോയി വരുമ്പോള്‍ കുഞ്ഞിനെ അവിടെ കാണാനുണ്ടായിരുന്നില്ല. കസേരയില്‍ കയറി വാഷിംഗ് മെഷീനിലേക്ക് എത്തിനോക്കുന്നതിനിടെ ടോപ്പ് ലോഡിംഗ് ആയ മെഷിനീലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. 15 മിനിറ്റില്‍ കൂടുതല്‍ കുഞ്ഞ് സോപ്പു വെള്ളത്തില്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
ഗുരുതരമായ നിലയിലാണ് കുട്ടിയെ കൊണ്ടുവന്നതെന്ന് പീഡിയാട്രിക്സ് വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ ഹിമാൻഷി ജോഷി പറഞ്ഞു. കുട്ടിക്ക് ആവശ്യമായ ആൻറിബയോട്ടിക്കുകളും ഐവി ഫ്ലൂയിഡ് സപ്പോർട്ടും നൽകിയെന്നും, തുടർന്ന് കുട്ടി സുഖം പ്രാപിക്കാൻ തുടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു. പതിയെ അമ്മയെ തിരിച്ചറിയാൻ തുടങ്ങി. തുടര്‍ന്ന് വെന്‍റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു. ഏഴ് ദിവസം പീഡിയാട്രിക് ഐസിയുവിലായിരുന്നു കുഞ്ഞ്. പിന്നീട് 12 ദിവസം വാര്‍ഡില്‍ കഴിഞ്ഞു.