ഷാർജ: ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം (AI998) ഒരു മണിക്കൂർ പറന്നതിന് ശേഷം തിരിച്ചിറക്കി. നിറയെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 11.45 നാണ് ഷാർജയിൽനിന്ന് വിമാനം പറന്നുയർന്നത്.
സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെ തിരിച്ചിറക്കി യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നു. കോഴിക്കോട് വിമാനത്താവളം റൺവേയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് ശേഷം മാത്രമേ യാത്ര പുനരാംഭിക്കാനാവൂ.
റെസിഡന്റ് വിസയുള്ള യാത്രക്കാരോട് വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സന്ദർശകവിസയിലുള്ള സ്ത്രീകളും കുട്ടികളുമടക്കം വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. നാട്ടിലെത്തിക്കേണ്ട ഒരു മൃതദേഹവും വിമാനത്തിലുണ്ട്.