പാലക്കാട്: ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ സുബൈറിന്റെ മുഴുവൻ സ്വത്തുക്കളും ജപ്തി ചെയ്യുമെന്നും നോട്ടീസിലുണ്ട്.
2022 ഏപ്രിൽ 15നാണ് സുബൈർ കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികൾ പുരോഗമിക്കുന്നത്.
ഹൈകോടതിയുടെ നിർദേശപ്രകാരമാണ് ജപ്തി നടപടികൾ. എന്നാൽ സംഭവത്തിൽ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവർക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പർക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരപരാധികളെ കുടുക്കുന്ന തരത്തിൽ ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.