ആദ്യ ഷോ പൂർത്തിയാക്കി പ്രേക്ഷകർ തിയേറ്റർ വിട്ടിറങ്ങുമ്പോൾ തീപാറുന്ന പ്രതികരണങ്ങളാണ് 'പത്താന്' രാജ്യമൊട്ടാകെ. 'ബ്ലോക്ബസ്റ്റർ' എന്ന് ഒറ്റവാക്കിൽ തറപ്പിച്ച് പറയുന്നതാണ് പ്രേക്ഷക പ്രതികരണങ്ങൾ. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പ്രേക്ഷക പ്രതീക്ഷകളെ പതിന്മടങ്ങ് വർധിപ്പിച്ചു. ചിത്രത്തിന് ലഭിച്ച മുൻകൂർ റിസർവേഷനുകളുടെ എണ്ണം ഇത് തെളിയിക്കുന്നതായിരുന്നു.
"സ്റ്റാർ പവർ, സ്‌റ്റൈൽ, സ്കെയിൽ, പാട്ടുകൾ, സസ്പൻസ് എലമെന്റുകൾ... കൂടാതെ, ഏറ്റവും പ്രധാനമായി, പ്രതികാരവുമായി തിരിച്ചെത്തിയ എസ് ആർ കെ... 2023-ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആണ് പത്താൻ,"എന്നാണ് നിരൂപകൻ തരൺ ആദർശ് ട്വീറ്റ് ചെയ്തത്. "ട്രെയ്‌ലറിനെ അടിസ്ഥാനമാക്കിയാണ് നിങ്ങൾ കഥ പ്രവചിച്ചതെങ്കിൽ തെറ്റി, ഇടവേളകളിലെ ട്വിസ്റ്റുകൾ സ്‌ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളെ ആശ്ചര്യപ്പെടുത്തും" ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ദീപിക പദുക്കോണിന്റെയും ഷാരൂഖിന്റെയും ഓൺ സ്ക്രീൻ കെമിസ്ട്രിക്കും കൈയ്യടിയുണ്ട്. സൽമാൻ ഖാന്റെ കഥാപാത്രത്തെയും പ്രേക്ഷകർ പരാമർശിക്കുന്നു. രാജ്യത്തെ മറ്റ് പ്രധാന ക്രിട്ടിക്കുകളും ചിത്രത്തിന് 4.5 സ്റ്റാർ റിവ്യൂ ആണ് നൽകിയിരിക്കുന്നത്. 'കിംഗ് ഈസ് ബാക്ക്' എന്ന് ആവേശം കൊള്ളുകയാണ് തിയേറ്ററുകളിൽ പ്രേക്ഷകർ.