ബംഗാളില്‍ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പ്; മുപ്പതോളം കുട്ടികള്‍ ആശുപത്രിയില്‍

 


കൊല്‍ക്കൊത്ത: പശ്ചിമബംഗാളില്‍ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന് ആരോപിച്ച് മുപ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.ബിർഭും ജില്ലയിലെ മയൂരേശ്വര് ബ്ലോക്കിലെ ഒരു പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. 

പയർ നിറച്ച പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തിയതായി ഭക്ഷണം തയ്യാറാക്കിയ സ്കൂൾ ജീവനക്കാരനും അവകാശപ്പെട്ടു.ഛർദ്ദിക്കാൻ തുടങ്ങിയതോടെ കുട്ടികളെ റാംപൂർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് അസുഖം വരുന്നതായി നിരവധി ഗ്രാമങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസർ ദിപാഞ്ജൻ ജന മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച പ്രൈമറി സ്കൂളുകള്‍ സന്ദര്‍ശിക്കുന്ന ജില്ലാ ഇൻസ്‌പെക്ടറോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ജന വ്യക്തമാക്കി.

ഒരാളൊഴികെ മറ്റു കുട്ടികളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. രക്ഷകർത്താക്കൾ സ്‌കൂളിലെ പ്രധാനാധ്യാപകനെ മർദ്ദിക്കുകയും ഇരുചക്ര വാഹനം നശിപ്പിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.