സൗദിയയിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്നു

 


ജുബൈല്‍: സൗദിയിലെ ജുബൈലിൽ കിടന്നുറങ്ങുകയായിരുന്ന മലയാളിയെ കുത്തിക്കൊന്നു. മലപ്പുറം സ്വദേശി മുഹമ്മദലിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ചെന്നൈ സ്വദേശിയായ മഹേഷ് ഗുരുതരാവസ്ഥയിലാണ്. പൊലീസ് കസ്റ്റഡിയിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്ന് ഉച്ചയോടെയാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് റൂമിൽ കിടന്നുറങ്ങുകയായിരുന്ന മുഹമ്മദലിയെ മഹേഷ് കത്തി കൊണ്ട് കുത്തുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് മുഹമ്മദലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് മരണം. 

മുഹമ്മദലിയുടെ സഹപ്രവർത്തകനാണ് മഹേഷ്. ഇയാൾ കുറച്ച് ദിവസങ്ങളായി വിഷാദ രോഗത്തിന് അടിമയാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. മഹേഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.