ഇനി എക്‌സ്‌ചേഞ്ചുകൾ കയറി ഇറങ്ങെണ്ട 10 രാജ്യങ്ങളിൽനിന്ന് ഇനി യു.പി.ഐ വഴി പണമയക്കാം

 




മുംബൈ: യു.പി.ഐ വഴി ഇനിമുതൽ പ്രവാസികൾക്കും പണമിടപാട് നടത്താം. പത്തു രാജ്യങ്ങളിലുള്ള പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ഒരുങ്ങുന്നത്. നാട്ടിലെ മൊബൈൽ നമ്പറില്ലെങ്കിലും ഇടപാട് നടത്താനാകും. 

യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എസ്, യു.കെ, കാനഡ, ആസ്‌ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കാണ് യു.പി.ഐ ഇടപാടിന് അവസരമൊരുങ്ങുന്നത്. നോൺ റെസിഡന്റ് എക്‌സ്‌റ്റേണൽ(എൻ.ആർ.ഇ), നോൺ റെസിഡന്റ് ഓർഡിനറി(എൻ.ആർ.ഒ) ബാങ്ക് അക്കൗണ്ടുള്ള പ്രവാസികൾക്ക് അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്ന് നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ) അറിയിച്ചു. 

വിദേശത്തെ സമ്പാദ്യം ഇന്ത്യയിലേക്ക് അയക്കാൻ പ്രവാസികൾ ഉപയോഗിക്കുന്ന അക്കൗണ്ടാണ് എൻ.ആർ.ഇ. എൻ.ആർ.ഐകളുടെ ഇന്ത്യയിലെ സമ്പാദ്യം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നതാണ് എൻ.ആർ.ഒ അക്കൗണ്ട്. അതേസമയം, വിദേശ വിനിമയ നിയമം(ഫെമ) അനുസരിച്ചാണ് യു.പി.ഐ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകൾക്ക് എൻ.പി.സി.ഐ നിർദേശം നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓരോ സമയത്തും പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 

ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ബാങ്കുകൾ ആവശ്യമായ സാമ്പത്തിക തട്ടിപ്പ് വിരുദ്ധ(എ.എം.എൽ), സാമ്പത്തിക തീവ്രവാദ വിരുദ്ധ(സി.ടി) പരിശോധനകൾ പൂർത്തിയാക്കണം. മാർഗനിർദേശങ്ങൾ പൂർണമായി പൂർത്തിയാക്കാൻ ഏപ്രിൽ 30 വരെ എൻ.പി.സി.ഐ ബാങ്കുകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം പൂർണമായി സജ്ജമായാലായിരിക്കും ആദ്യ ഘട്ടത്തിൽ പത്തു രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് യു.പി.ഐ പണമിടപാട് സാധ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ പേയ്‌മെന്റ് കോർപറേഷൻ ലക്ഷ്യമിടുന്നുണ്ട്.