ലോകകപ്പിന്റെ കലാശക്കളിയിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ഹാട്രിക്കിലൂടെ ടീമിനെ ഷൂട്ടൗട്ട് വരെ എത്തിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്. ലോകകപ്പിൽ എട്ട് ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയാണ് ടോപ്സ്കോറർക്കുള്ള അംഗീകാരം സ്വന്തമാക്കിയത്. ഫൈനൽ വരെ അഞ്ച് ഗോളുമായി ഇതിഹാസ താരം ലയണൽ മെസ്സിക്കൊപ്പമായിരുന്നു എംബാപ്പെ.
കലാശക്കളിയിൽ പെനാൽറ്റിയിലൂടെ അർജന്റീനക്കായി ആദ്യ ഗോൾ നേടിയതോടെ മെസ്സി ഒരടി മുന്നിലായി. എന്നാൽ, പെനാൽറ്റിയിലൂടെ ഒന്നും അത്യുജ്വലമായി മറ്റൊന്നും നേടി എംബാപ്പെ ഒറ്റക്ക് മുന്നിലെത്തി. എക്സ്ട്രാ ടൈമിൽ മെസ്സി വീണ്ടും ഗോളടിച്ചതോടെ വീണ്ടും ഒപ്പത്തിനൊപ്പം. എന്നാൽ, കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് എംബാപ്പെ വീണ്ടും ഒന്നാമനാവുകയായിരുന്നു