ലോകകപ്പിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് രാഷ്ട്രിയ വിലക്കുണ്ടായിരുന്നു തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ

 


അങ്കാറ: ഖത്തർ ലോകകപ്പിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രാഷ്ട്രീയ വിലക്കുണ്ടായിരുന്നുവെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഫലസ്തീൻ പ്രശ്‌നങ്ങൾക്കൊപ്പം നിന്നയാളാണ് ക്രിസ്റ്റ്യാനോയെന്നും അദ്ദേഹം പറഞ്ഞു. 

'അവർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെറുതെ പാഴാക്കിക്കളയുകയായിരുന്നു. ദൗർഭാഗ്യകരമെന്നോണം അദ്ദേഹത്തിനുമേൽ രാഷ്ട്രീയ വിലക്കേർപ്പെടുത്തിയിരിക്കുകയായിരുന്നു അവർ.'-ഉർദുഗാൻ ആരോപിച്ചു. തുർക്കി പ്രവിശ്യയായ എർസുറൂമിൽ യുവാക്കളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. 

മത്സരത്തിൽ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ക്രിസ്റ്റിയാനോയെപ്പോലുള്ള ഒരു താരത്തെ ഗ്രൗണ്ടിലിറക്കുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ തകര്‍ത്തിട്ടുണ്ട്. താരത്തിന്റെ ഊർജം ഇല്ലാതാക്കുകയും ചെയ്തു. ഫലസ്തീൻ പ്രശ്‌നങ്ങൾക്കു വേണ്ടി നിലകൊണ്ടയാളാണ് ക്രിസ്റ്റ്യാനോ-ഉർദുഗാൻ കൂട്ടിച്ചേർത്തു. 




ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ ആദ്യ ലൈനപ്പിൽ ഇടംപിടിച്ചിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു താരത്തെ പോർച്ചുഗൽ കോച്ച് ഫെർനാൻഡോ സാന്റോസ് കളത്തിലിറക്കിയത്. മത്സരത്തിൽ യൂറോപ്യൻ സംഘം മൊറോക്കോയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ് പുറത്താകുകയും ചെയ്തിരുന്നു. പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെയും താരത്തെ ബെഞ്ചിലിരുത്തിയിരുന്നു.

ക്രിസ്റ്റ്യാനോ ടു അന്നസ്ർ 

മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട സൂപ്പർ താരം സൗദി ക്ലബ് അന്നസ്റിൽ ചേരുമെന്ന് ഏറെക്കുറെ ഉറപ്പായതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജനുവരിയിൽ ക്രിസ്റ്റ്യാനോ ക്ലബുമായി കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ 'മാഴ്സ' റിപ്പോർട്ട് ചെയ്തത്. ഏഴു വർഷത്തേക്കായിരിക്കും കരാറെന്നാണ് പുറത്തുവരുന്ന വിവരം. 

രണ്ടര വർഷം ക്ലബിന്റെ കുപ്പായത്തിൽ ക്രിസ്റ്റ്യാനോ കളിക്കും. ഇതിനുശേഷം സൗദി അറേബ്യൻ ഫുട്ബോളിന്റെ ബ്രാൻഡ് അംബാസഡറായായിരിക്കും താരത്തിന്റെ സേവനം. നിലവിൽ, ലയണൽ മെസ്സി സൗദിയുടെ ടൂറിസം അംബാസഡറാണ്. എന്നാൽ, 2030 ലോകകപ്പിന്റെ ആതിഥേയാവകാശം സ്വന്തമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് സൗദി ക്രിസ്റ്റ്യാനോയെ അവതരിപ്പിക്കുന്നത്. 

കരാർ തുകയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, 2024നുശേഷം പ്രതിഫലത്തിൽ പ്രതിവർഷം 200 മില്യൻ യൂറോയുടെ(ഏകദേശം 1,758 കോടി രൂപ) വർധനയുണ്ടാകുമെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്യുന്നു. 

ലോകകപ്പിനു തൊട്ടുമുൻപാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുന്നത്. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖത്തിനു പിന്നാലെയായിരുന്നു ഇത്. ഏറെ കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിൽ യുനൈറ്റഡിനും കോച്ച് എറിഗ് ടെൻഹാഗിനുമെതിരെ താരം കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. 

യുനൈറ്റഡ് വിട്ടതിനു പിന്നാലെ താരം അന്നസറിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, വാർത്തകൾ ക്രിസ്റ്റിയാനോ നിഷേധിച്ചു. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ നേടിയ 6-1 വിജയത്തിനു പിന്നാലെയാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. വാർത്ത ശരിയല്ലെന്നു മാത്രമായിരുന്നു പ്രതികരണം. 

യുനൈറ്റഡ് വിട്ട ശേഷം നിരവധി യൂറോപ്യൻ ക്ലബുകളെ ഓഫറുമായി ക്രിസ്റ്റ്യാനോ സമീപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്ങളെ ബന്ധപ്പെട്ട വിവരം ജർമൻ ക്ലബായ ഈൻട്രാച്ച് ഫ്രങ്കഫർച്ച് പ്രസിഡന്റ് ആക്സെൽ ഹെൽമാൻ സ്പോർട്സ് ടെലിവിഷനായ 'ഡാസനി'നു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മിക്ക ചാംപ്യൻസ് ലീഗ് ക്ലബുകളുടെയും വാതിൽ മുട്ടിനോക്കിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.