കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് തുടരുമ്പോഴും രണ്ട് ഡസനിലധികം ഉന്നത താലിബാൻ നേതാക്കളുടെ പെണ്‍മക്കള്‍ ദോഹ, പെഷവാർ, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദർ ഇബാദ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി, വക്താവ് സുഹൈൽ ഷഹീൻ എന്നിവരുടെ പെണ്‍മക്കളാണ് വിദേശത്ത് പഠിക്കുന്നത് എന്നാണ് ദി പ്രിന്‍റ് റിപ്പോര്‍ട്ട് പറയുന്നത്.
സുഹൈൽ ഷഹീന്റെ രണ്ട് പെൺമക്കളും അഫ്ഗാന്‍ ഇസ്‌ലാമിക് എമിറേറ്റിന്‍റെ പൊളിറ്റിക്കൽ ഓഫീസിന്‍റെ ആസ്ഥാനമായ ദോഹയിലെ സർക്കാർ നിയന്ത്രിത സ്‌കൂളിൽ പഠിക്കുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളും ദോഹയിലാണ് പഠിക്കുന്നത്. ഇദ്ദേഹക്കിന്‍റെ മൂത്ത മകൾ അവര്‍ പഠിക്കുന്ന സ്‌കൂൾ ടീമിന് വേണ്ടി ഫുട്‌ബോൾ പോലും കളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇസ്‌ലാമാബാദിലെ നംഗർഹർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും ബിരുദം നേടിയ നേരത്തെ പ്രാക്ടീസ് ചെയ്തിരുന്ന ഫിസിഷ്യനായിരുന്നു താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദർ ഇബാദ്. ഇദ്ദേഹം തന്റെ മകളെയും മെഡിക്കൽ വിദ്യാഭ്യാസത്തിന് അയച്ചിരിക്കുകയാണ്. ഇപ്പോൾ ഇസ്ലാമാബാദിൽ ഡോക്ടറായി ഇവര്‍ ജോലി ചെയ്യുന്നുണ്ട്.