മംഗളൂരു: സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രണ്ടംഗ സംഘം ജലീലിനെ കടയിൽ കയറി വെട്ടിക്കൊന്നത്. കഴിഞ്ഞ ജൂലൈയിൽ 24 കാരനായ മുഹമ്മദ് ഫൈസൽ എന്ന യുവാവിനെയും ഇതേ പ്രദേശത്ത് വെട്ടിക്കൊന്നിരുന്നു.
പൊലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് കൊലപാതകൾ ആവർത്തിക്കാൻ കാരണമെന്ന് മുൻ മന്ത്രി യു.ടി ഖാദർ പറഞ്ഞു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മംഗളൂരു കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ട് ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്തകൽ, ബജ്‌പെ, കാവൂർ, പനമ്പൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഞായറാഴ്ച രാവിലെ ആറ് മുതൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.