ഇവിടെ ഒന്നു ഇല്ല ടീച്ചറെ ഒരു അഞ്ഞൂറ് രൂപ അയച്ച് തരണം സന്മനസ്സുകൾ കനിഞ്ഞു സുഭദ്രയുടെ അക്കൗണ്ടിലേക്ക് 51 ലക്ഷം എത്തി

 


ദിവസങ്ങൾക്കു മുമ്പാണ് സെ​റിബ്രൽ പാൾസി രോഗം ബാധിച്ച മകനും അവന്റെ സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ പോറ്റാനുള്ള ഒരമ്മയുടെ കഷ്ടപ്പാട് ​വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ അധ്യാപികയായ ഗിരിജ ഫേസ്ബുക്കിൽ പങ്കുവെച്ചത്. കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ 500 രൂപ അയച്ചുതരാമോ എന്നാണ് ഗിരിജയോട് സുഭദ്ര ചോദിച്ചത്. സുഭദ്രയുടെ മകൻ അഭിഷേകിന്റെ അധ്യാപികയാണ് ഗിരിജ. പിതാവ് മരണപ്പെട്ട ഇവരുടെ കുടുംബത്തിന്റെ ദുരിതം ഗിരിജക്ക് അറിയാമായിരുന്നു.

ആ കുടുംബത്തിന് താങ്ങേകാൻ ഒരുമിച്ചവരോട് നന്ദി പറയുകയാണ് ഗിരിജ. വെറും 500 രൂപ മാത്രം ആവശ്യപ്പെട്ട ആ അമ്മയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് 51 ലക്ഷം രൂപയാണ്. ഈ പണമുപയോഗിച്ച് ആ കുടുംബത്തിന്റെ പണി തീരാത്ത വീട് പൂർത്തിയാക്കുമെന്നും അവർ പറയുന്നു. ബാക്കിയുള്ള തുക അമ്മയുടെയും മക്കളുടെയും പേരിൽ സ്ഥിരനിക്ഷേപമായി ബാങ്കിലിടാനാണ് തീരുമാനം. 

മക്കളുടെ ആഹാരത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ആ അമ്മയിനി ആരുടെ മുന്നിലും കൈനീട്ടേണ്ടി വരരുതെന്നും അവർ പറയുന്നു. ഫേസ്ബുക് പോസ്റ്റിട്ട് 48 മണിക്കൂറിനുള്ളിലാണ് 51 ലക്ഷത്തിലേറെ രൂപ സുഭദ്രയുടെ അക്കൗണ്ടിലെത്തിയത്.


ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

അഞ്ഞൂറ് രൂപ ചോദിച്ചവർക്ക് അൻപത്തൊന്ന് ലക്ഷംകൊടുത്ത നിങ്ങളോട് എങ്ങനെയാണ് നന്ദി പറയേണ്ടത് ...?എങ്ങനെയാണ് സ്നേഹമറിയിക്കേണ്ടത്..? ആ പോസ്റ്റിടുമ്പോൾ മനസിലുണ്ടായിരുന്നത് രണ്ടു കാര്യങ്ങളാണ്...

1.ആ കുഞ്ഞുങ്ങളെ പണി തീരാത്ത വീട് പൂർത്തിയാക്കി മാറ്റി താമസിപ്പിക്കണം. 

2.മക്കളുടെ ആഹാരത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ആ അമ്മക്കിനി ആരെയും വിളിച്ച് കെഞ്ചേണ്ടി വരരുത്... 

പോസ്റ്റിട്ട് നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ അൻപത്തൊന്ന് ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ ക്രെഡിറ്റായിട്ടുണ്ട്...(സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നു) വീടുപണിയും കഴിഞ് അവരുടെ ലൈഫ് തന്നെ സെറ്റിൽ ചെയ്യാൻ പാകത്തിനൊരു എമൗണ്ട് വന്ന സ്ഥിതിക്ക് ഞാൻ ഈ പോസ്റ്റ് ഇവിടെ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നു...കാരണം ഈ പോസ്റ്റ് ഇനിയും വലിച്ച് നീട്ടുമ്പോൾ മറ്റൊരു കുഞ്ഞിനോ കുടുംബത്തിനോ കിട്ടേണ്ട സഹായം ഇല്ലാതാകുന്നതിന് കാരണമായേക്കും...അതുകൊണ്ട് പോസ്റ്റ് ഷെയർ ചെയ്തും കോപ്പി ചെയ്തും ലക്ഷ കണക്കിനാളുകളിലേക്കെത്തിച്ച് അവരെ സഹായിക്കാൻ കൂട്ടുനിന്ന എല്ലാവരും ഈ വിവരം കൂടി എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യർഥിക്കുന്നു... 

നാളെ അവർക്ക് അക്കൗണ്ടുള്ള കൂറ്റനാട് SBI യിൽ പോയി മാനേജരെ കണ്ട് കിട്ടിയ അത്രയും തുകയിൽ നിന്നും വീടുപണിക്കുള്ളതൊഴിച്ച് അവരുടെ നാല് പേരുടെയും പേരിൽ തോന്നുമ്പോഴൊക്കെ ഓടിചെന്നെടുക്കാൻ പറ്റാത്ത രീതിയിൽ...എന്നാൽ അവർക്ക് മാസം കൃത്യമായി ഒരു എമൗണ്ട് കിട്ടുന്ന രീതിയിൽ സേവ് ചെയ്യാനുള്ള കാര്യങ്ങൾ സംസാരിച്ച് ക്ലിയറാക്കണം എന്ന് കരുതുന്നു...വീടു പണിയുടെയും ബാങ്കിങ്ങ് ഇടപാടിൻറെയും കാര്യങ്ങൾ കൃത്യമായി നിങ്ങളെ അറിയിക്കുന്നതാണ്.... 

ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകിയ പ്രിയപ്പെട്ടവരേ...നിങ്ങളെ കുറിച്ചോർക്കുമ്പോഴാണ് മനസറിഞ്ഞ് നന്മയുള്ള ലോകമേ...എന്ന് പാടുവാൻ തോന്നുന്നത് 

കൂടെ നിന്നതിന്...സഹായിച്ചതിന്...ഒത്തിരിയൊത്തിരി, നന്ദി...സ്നേഹം