ലോകകപ്പ് കിരീടം അർജന്റീനയ്ക്ക് ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് പരാജയപ്പെടുത്തി

 



ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് പരാജയപ്പെടുത്തി 


ലോകകിരീടം നേടി അജയ്യനായി ലയണല്‍ മെസി.  കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഐതിഹാസിക കുതിപ്പിന് നെടുനായകത്വം വഹിച്ച് മെസ്സി ഒരിക്കൽക്കൂടി ലോക ഫുട്ബോളിന്റെ താരമായി. ഖത്തർ ലോകകപ്പിലാകെ ആറു ഗോളുകൾ നേടിയ മെസ്സി, ഫ്രാൻസിന്റെ കിലിയൻ എംബപെയെ മറികടന്ന് ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. മെസ്സിയുടെ ആറിൽ നാലു ഗോളുകളും പെനൽറ്റിയിൽ നിന്നാണ്. ഒരു പെനൽറ്റി താരം പാഴാക്കുകയും ചെയ്തു. ഫൈനലിലും ഗോൾ നേടിയതോടെ, ഒരേ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന അതുല്യ നേട്ടവും മെസ്സിക്കു സ്വന്തം. മാത്രമല്ല, കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടി 28 വർഷത്തെ കിരീടമില്ലായ്മ അവസാനിപ്പിച്ച അർജന്റീന, ഒരു വർഷത്തിനിപ്പുറം ലോകകപ്പ് വേദിയിലെ 36 വർഷം നീണ്ട കിരീടവരൾച്ചയ്ക്കും രാജകീയമായി വിരാമമിട്ടു. ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും.