പാസ്പോർട്ടിൽ ഒറ്റ പേര് മാത്രമുളളവരുടെ യുഎഇ സന്ദർശന വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു
സിംഗിൾ നെയിം പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇത്തരക്കാർക്ക് ആശ്വാസമാവുന്ന തീരുമാനമാണ് വന്നിരിക്കുന്നത്. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി. ഓൺ അറൈവൽ വിസക്ക് യോഗ്യതയുള്ളവർക്ക് പാസ്‌പോർട്ടിലെ രണ്ടാം പേജിൽ കുടുംബപ്പേരോ, പിതാവിന്റെ പേരോ വേണമെന്നും അധികതർ അറിയിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റും ഇക്കാര്യം ട്വീറ്റ് ചെയ്തു. നിലവിൽ യുഎഇയിൽ റെസിഡന്റ് വിസ ഉള്ള പ്രവാസികൾക്ക് പുതിയ നിബന്ധനകളൊന്നും ബാധകമല്ലെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. സന്ദർശക വിസയിലും ഓൺ അറൈവൽ വിസയിലും എംപ്ലോയ്‍മെന്റ് വിസയിലും താത്കാലിക വിസകളിലും യുഎഇയിലേക്ക് പോകാനൊരുങ്ങുന്നവർക്കായിരുന്നു പുതിയ നിബന്ധന ബാധകമായിരുന്നത്.