സ്വന്തം വീടിന് ബോംബെറിഞ്ഞ കേസിൽ ഹിന്ദു മുന്നണി സെക്രെട്ടറി അറസ്റ്റിൽ

 




ചെന്നൈ: ഹിന്ദുത്വ നേതാക്കൾക്കിടയിൽ ‘പ്രശസ്തി’ യും അതിന്റെ പേരിൽ സുരക്ഷയും ലഭിക്കാൻ വേണ്ടി സ്വന്തംവീടിനുനേരെ പെട്രോൾ ബോംബെറിയുകയും അത് മുസ്ലിം ‘തീവ്രവാദി’കളുടെ മേൽ ആരോപിക്കുകയും ചെയ്ത ഹിന്ദുമുന്നണി നേതാവിനെ തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാർ അറസ്റ്റ്‌ചെയ്തു.

ഹിന്ദു മുന്നണി കുംഭകോണം ടൗൺ സെക്രട്ടറി സക്രപാണി (40) ആണ് പിടിയിലായത്. പുലർച്ചെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ ശേഷം ഇയാൾ തന്നെയാണ് തന്റെ വീടിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയെന്ന് പൊലിസിനെ അറിയിച്ചത്. ഇതോടെ പൊലിസും ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന തുടങ്ങി. ഹിന്ദുമുന്നണി പ്രവർത്തകരും മറ്റ് സംഘ്പരിവാര സംഘടനകളും പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സംഭവസ്ഥലത്ത് തടിച്ചുകൂടി സർക്കാരിനെതിരെയും പൊലിസിനെതിരെയും മുദ്രാവാക്യങ്ങളും വിളിച്ചു. ബി.ജെ.പി നേതാക്കളും ഇയാളുടെ വീട് സന്ദർശിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സക്രപാണിയിൽ നിന്ന് മൊഴിയെടുക്കുന്നതിനിടെ ലഭിച്ച വൈരുധ്യങ്ങളാണ് ഇയാളെ കുടുക്കിയത്. സംശയം തോന്നിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ പെട്രോൾ ബോംബ് ഉണ്ടാക്കാൻ ഉപയോഗിച്ച തുണിയുടെ ബാക്കി കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ സക്രപാണി കുറ്റം സമ്മതിച്ചെന്നും പൊലിസ് വ്യക്തമാക്കി.

സംഘടനയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുകയും പൊലീസ് സുരക്ഷ തരപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബോംബെറിഞ്ഞതെന്നും ഇയാൾ വെളിപ്പെടുത്തി. ഇതോടെ സമുദായങ്ങൾക്കിടയിൽ വൈര്യം വളർത്തുന്നത് സംബന്ധിച്ച 153(എ) കൂടാതെ 436, 53, 153, 504, 502 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.