മദീനയില്‍ പ്രവാചകൻ അന്ത്യ വിശ്രമമം കൊള്ളുന്ന മസ്ജിദ് നവമിയുടെ മുറ്റത്ത് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി

 


മദീന: മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ഡോ അഹമ്മദ് ബിന്‍ അലി അല്‍ സഹ്‌റാനിയാണ് ഇക്കാര്യം അറിയിച്ചത്. ഹറം മുറ്റത്ത് പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് സൗദി റെഡ് ക്രസന്റ്അതോറിറ്റി (എസ്‌സിആര്‍എ) അടിയന്തര സഹായം നല്‍കി.

മസ്ജിദുന്നബവി ആംബുലന്‍സ് കേന്ദ്രത്തിലെ ആളുകളും വാളണ്ടിയര്‍മാരും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ആരോഗ്യ വാളണ്ടിയര്‍മാര്‍ നഴ്‌സിന്റെ സഹായത്തോടെ പ്രസവശുശ്രൂഷ നടത്തി. ആരോഗ്യനില പരിശോധിച്ച ശേഷം മാതാവിനെയും കുഞ്ഞിനെയും ബാബ് ജിബ്രീല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അല്‍ സഹ്‌റാനി പറഞ്ഞു. തൈബ എന്നാണ് കുഞ്ഞിന് പിതാവ് പേരു നല്‍കിയത്. അടിയന്തര സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം ലഭിക്കാന്‍ 997 നമ്പരിലേക്ക് വിളിക്കുകയോ ഹെല്‍പ് മി, തവല്‍ക്കന ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.