ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകഫുട്ബോളിലെ വമ്പന്മാരെ സൗദി ടീം പിടിച്ചുകെട്ടിയത്. ലയണല്‍ മെസിയിലൂടെ ആദ്യ ഗോള്‍ നേടിയ അര്‍ജന്റീന തുടര്‍ച്ചയായി രണ്ട് ഗോളുകളിലൂടെ സൗദി ഞെട്ടിച്ചു. 1974നുശേഷം ആദ്യമാണ് അര്‍ജന്റീന ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ വഴങ്ങിയത്. കഴിഞ്ഞ 36 മല്‍സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ ലോകകപ്പിനെത്തിയ അര്‍ജന്റീനയുടെ തോല്‍വി ആരാധകര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായി. ഇടവേളയില്‍ ഒരുഗോളിന് മുന്നിലായിരുന്ന അര്‍ജന്റീനയെ നാല്‍പ്പത്തെട്ടാം മിനിറ്റില്‍ സലേ അല്‍ഷെഹ്‍രി ഞെട്ടിച്ചു. നേരിട്ടുള്ള പാസില്‍ നിന്ന് ക്ലീന്‍ ഫിനിഷ് ! അന്‍പത്തിമൂന്നാം മിനിറ്റില്‍ സലേം അല്‍ദാസരിയാണ് മറ്റൊരു തകര്‍പ്പന്‍ ഫിനിഷിലൂടെ സൗദിയുടെ വിജയഗോള്‍ നേടിയത്. ഇതോടെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ ഇളകിമറിഞ്ഞു. മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീനിയന്‍ പട ഇരമ്പിക്കയറിയെങ്കിലും സൗദി പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. ഒടുവില്‍ സൗദി അര്‍ഹിച്ച ജയം. ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായി രേഖപ്പെടുത്തുക ഒരുപക്ഷേ ഈ മല്‍സരം തന്നെയാകും.