ഗർഭിണിയായ ഭാര്യയെ കഴുത്ത്നരിച്ച് കൊന്നു മൃതദേഹം വനത്തിലിട്ട് കത്തിച്ചു

 



ബംഗളൂരു: ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് വനത്തിലിട്ട് കത്തിച്ച കേസില്‍ യുവാവ് ഒന്നരമാസത്തിനുശേഷം അറസ്റ്റില്‍. ദാവനഗെരെ ചന്നഗിരി ടൗണിനു സമീപം ഗാനഗൊണ്ടനഹള്ളി സ്വദേശി മോഹന്‍കുമാര്‍ (25) ആണ് അറസ്റ്റിലായത്. ചന്ദ്രകല (രശ്മി-21) ആണ് കൊല്ലപ്പെട്ടത്. 

മോഹനന്റെ മാതാപിതാക്കള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. മോഹന്‍കുമാറും ചന്ദ്രകലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. വിവാഹത്തിനു തൊട്ടു പിന്നാലെതന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചന്ദ്രകലയുമായി മോഹന്‍കുമാറും കുടുംബവും വഴക്ക് ആരംഭിച്ചിരുന്നു.

ഇതിനിടയില്‍ സ്വന്തം വീട്ടിലേക്ക് ചന്ദ്രകല മടങ്ങിയെങ്കിലും പിന്നീട് വീട്ടുകാര്‍ മോഹന്‍കുമാറിന്റെ വീട്ടിലാക്കി. ഒന്നരമാസം മുമ്പ് വഴക്കിനിടയില്‍ മോഹന്‍കുമാര്‍ ചന്ദ്രകലയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം ചിക്കമംഗളൂരു ജില്ലയിലെ അജ്ജംപുര ഹുനഗട്ട വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിക്കുകയായിരുന്നു.

ഒക്‌ടോബര്‍ 10ന് ചന്ദ്രകലയെ കാണാനില്ലെന്ന് മോഹന്‍കുമാര്‍ ചന്ദ്രകലയുടെ മാതാപിതാക്കളെ അറിയിച്ചു. മറ്റാരുടെയോ കൂടെ ഒളിച്ചോടിയെന്ന് പൊലീസില്‍ പരാതിയും നൽകി. എന്നാല്‍, ചന്ദ്രകലയുടെ മാതാപിതാക്കള്‍ മകളെ കാണാതായതിനു പിന്നില്‍ മോഹന്‍കുമാറിനു പങ്കുള്ളതായി കാണിച്ച് പൊലീസില്‍ പരാതി നൽകി. 

അന്വേഷണത്തില്‍ ചന്ദ്രകലയെ കാണാതായ ദിവസം പുലര്‍ച്ചെ രണ്ടിന് മോഹന്‍കുമാര്‍ കാറില്‍ പുറത്തുപോയതായി കണ്ടെത്തി. തുടര്‍ന്ന് മോഹന്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പൊലീസ് ഇവ പോസ്റ്റ്മോര്‍ട്ടത്തിന് ആശുപത്രിയിലേക്കു മാറ്റി.