ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അഹങ്കാരം അല്‍പം കുറയ്ക്കണം -ഫാദർ :ഗീവര്‍ഗീസ് കൂറിലോസ്

 



കൊച്ചി: സൗദി അറേബ്യയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അര്‍ജന്റീനയെ പരിഹസിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തമാശ രൂപേണയാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കാല്‍പ്പന്ത് മാമാങ്കത്തെ സംബന്ധിച്ച് കുറിച്ചിരിക്കുന്നത്.

'ഇപ്പോള്‍ എന്തായി? ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അവരുടെ അഹങ്കാരം അല്‍്പം കുറയ്ക്കണം. ഞങ്ങള്‍ ബ്രസീല്‍ ഫാന്‍സിനെ കണ്ടു പഠിക്ക്. കാത്തിരിക്കു. ഇനിയുള്ള ദിവസങ്ങളില്‍ കളിക്കളത്തില്‍ സാമ്പാ നൃത്തച്ചുവടുകള്‍', ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ പരാജയം. പരേദസിനെ അബ്ദുള്‍ ഹമീദ് വീഴ്ത്തിയതിന് പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസ്സിയാണ് ആദ്യ ഗോളിട്ടത്. അര്‍ജന്റൈന്‍ നായകന്റെ പ്ലേസിങ്ങ് അനായാസേന സൗദി ഗോള്‍ കീപ്പര്‍ മൊഹമ്മദ് അലോവൈസിനെ കീഴടക്കി. ആദ്യ പകുതിയില്‍ സൗദി ഗോള്‍ മുഖത്ത് അര്‍ജന്റീന തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

ഞെട്ടിക്കുന്ന രണ്ടാം പകുതിയാണ് അര്‍ജന്റീനയെ കാത്തിരുന്നത്. സൗദി സ്ട്രൈക്കര്‍ സലേ അല്‍ഷെഹ്റി 48-ാം മിനുറ്റില്‍ സമനില പിടിച്ചു. മിഡ്ഫീല്‍ഡില്‍ നിന്ന് കിട്ടിയ പന്തുമായി കുതിച്ച സൗദി സ്ട്രൈക്കര്‍, റൊമറേയൊ മറികടന്ന് മാര്‍ട്ടിനെസിനെ കബളിപ്പിച്ച് പന്ത് വലയിലാക്കി. വീണ്ടും ലീഡ് എടുക്കാനുള്ള അര്‍ജന്റീനയുടെ ശ്രമങ്ങള്‍ക്കിടെ 53-ാം മിനുറ്റില്‍ സലേം അല്‍ദസ്വാരി അടുത്ത ഗോളിട്ടു.

സമനില പിടിക്കാനുള്ള അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളെല്ലാം സൗദി തടഞ്ഞുകൊണ്ടിരുന്നു. മെസ്സി തൊടുത്ത ഫ്രീകിക്ക് സൗദി പോസ്റ്റിന് മുകളിലൂടെ പറന്നു. മെസ്സിയുടെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ ഈസിയായി കൈയ്യിലൊതുക്കി. എക്സ്ട്രാ ടൈമില്‍ ലഭിച്ച എട്ട് മിനുറ്റുകളും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 36 കളി നീണ്ട് അപരാജിത അര്‍ജന്റീനയുടെ കുതിപ്പിന് ഇതോടെ വിരാമമായി. സൗദിയേക്കാള്‍ കരുത്തരായ പോളണ്ടിനേയും മെക്സിക്കോയേയുമാണ് മെസ്സിയും സംഘവും ഇനി നേരിടേണ്ടത്.