സമസ്തക്ക് പിന്നാലെ ഫുട്‌ബോള്‍ അമിത ആവേശത്തിനെതിരെ കൂടുതല്‍ മതനേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഫുട്‌ബോള്‍ താരാരാധനക്കെതിരെ സമസ്ത രംഗത്തെത്തിയിരുന്നു. ഇതിനെ അനുകൂലിച്ച് എസ് വൈ എസ് നേതാവ് പേരോട് അബ്ദുറഹിമാന്‍ സഖാഫി രംഗത്തുവന്നു. ഫുട്‌ബോള്‍ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകന്‍ അബ്ദു മുഹ്‌സിന്‍ ഐദീദും അഭിപ്രായപ്പെട്ടു.
ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും പേരില്‍ യുവാക്കള്‍ അവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോള്‍ അത് തിരുത്താന്‍ പോലും ആളുകള്‍ക്ക് ധൈര്യമില്ലാതായിരിക്കുന്നു . ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു .ഇവര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. അങ്ങോട്ടുമിങ്ങോട്ടും കുറച്ചുനേരം ഓടിയാല്‍ അതിനുവേണ്ടി കോടികള്‍ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അര്‍ത്ഥവും ഇല്ലാത്ത കാര്യങ്ങള്‍, അതിന്റെ പിന്നില്‍ ജനങ്ങളെ തളച്ചിടുന്ന ആളുകള്‍ അവരെ അമിതമായി വാഴ്ത്തുകയുമാണ്
സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് മതി, അമിത ലഹരിയെയാണ് എതിര്‍ത്തതെന്ന് നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: ഫുട്‌ബോൾ കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടിയാണ് കാണേണ്ടതെന്നും ആരാധന ആകരുതെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ഫുട്‌ബോള്‍ അമിത ലഹരി ആകുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ നീങ്ങുന്നത് ചെറുക്കാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ ഇത് ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടി ഇതിനെ കാണുന്നതിനു പകരം അതൊരു ലഹരിയും ജ്വരവുമായി മാറുകയാണ്. കളി ആസ്വദിക്കുന്നതിനപ്പുറം അതിനെ താരാരാധനയിലേക്കു നയിക്കന്നത് നല്ല പ്രവണതയല്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് വലിയ കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നതിന് പകരം സമ്പത്ത് ചെലവഴിക്കേണ്ടത് ഒരുപാട് കഷ്ടപ്പെടുന്ന രോഗികള്‍ക്കും വീടില്ലാതെ കഷ്ടപ്പെടുവര്‍ക്കുമാണ്. എന്നാല്‍ ചിലത് ധൂര്‍ത്തിലേക്ക് പോകുന്നു. ഒരു പരിധി വേണം. പരിധി ലംഘിക്കാന്‍ പാടില്ലെന്നേ പറഞ്ഞിട്ടുള്ളൂ” അദ്ദേഹം പറഞ്ഞു.
അതേ സമയം, താരാരാധന വ്യക്തികളുടെ സ്വാതന്ത്ര്യ മാണെന്നും അതിനെ നിരോധിക്കുന്ന സമസ്തയുടെ നിലപാട് ശരിയല്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു .