ദലിത് സ്ത്രീ വെള്ളം കുടിച്ചു; വാട്ടര്‍ ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഇതര ജാതിക്കാര്‍

 


മൈസൂരു: ദലിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് കുടിവെളള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഇതര ജാതിക്കാര്‍. ചാമരാജനഗർ താലൂക്കിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.വീഡിയോ വൈറലായതോടെ താലൂക്ക് ഭരണസമിതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. 

വെള്ളിയാഴ്ച ഗ്രാമത്തിൽ നടന്ന ദലിതരുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. എച്ച്‌ഡി കോട് താലൂക്കിലെ സർഗൂരിൽ നിന്നുള്ള വധുവിന്‍റെ ബന്ധുക്കൾ ചടങ്ങിനായി ഗ്രാമത്തിൽ എത്തിയിരുന്നു. വിവാഹസദ്യക്ക് ശേഷം ഇവര്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുന്നതിനിടെയില്‍ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ ലിംഗായത്ത് ബീഡിയിലെ ടാങ്കിൽ നിന്നും വെള്ളം കുടിക്കുകയായിരുന്നു. ഇതു കണ്ട ഗ്രാമവാസികളിലൊരാള്‍ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ടാങ്കിലെ വെള്ളം അശുദ്ധമാക്കിയതിന് സ്ത്രീയെ ശകാരിക്കുകയും ചെയ്തു. സ്ത്രീയും കൂടെയുണ്ടായിരുന്നവരും അവിടെ നിന്നും പോയപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ തുറന്നുവിട്ടതിനു ശേഷം ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കുകയായിരുന്നു.

വില്ലേജ് അക്കൗണ്ടന്‍റും റവന്യൂ ഇൻസ്‌പെക്ടറും ശനിയാഴ്ച ഗ്രാമത്തിലെത്തി പട്ടികജാതി യുവാക്കളുടെ പരാതി സ്വീകരിച്ചു.ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ചാമരാജനഗർ തഹസിൽദാർ ഐഇ ബസവരാജ് പറഞ്ഞു.കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.