ചിലവിന് നൽകുന്നില്ലെന്ന് ഭാര്യ തനിക്ക് വെറും 11,550 ഖത്തർ റിയാൽ മാത്രം ശമ്പളംമുള്ളുവെന്ന് ഭർത്താവ് ഒടുവിൽ കോടതി നടപടി

 


ഗാർഹിക പീഡന കേസിൽ ഭർത്താവ് ഹാജരാക്കിയ ശമ്പള സർട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ കോടതി നിർദേശപ്രകാരം വിദേശത്തേക്ക് അഭിഭാഷക കമ്മിഷനെ അയച്ചു. ഹരിപ്പാട് ബാറിലെ അഭിഭാഷകനായ ജയൻ കെ. വാഴൂരേത്തിനെയാണ് അപൂർവ നടപടിയിലൂടെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം.ജി.രാകേഷ് ഖത്തറിലേക്ക് അയച്ചത്. അഡ്വ. സജീബ് തവക്കൽ വഴി ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി നിർദേശ പ്രകാരമാണിത്. 

ഖത്തറിൽ ഡോക്ടറായ ഭർത്താവിൽനിന്ന് മക്കളുടെ സംരക്ഷണ ചെലവും ജീവനാംശവും ആവശ്യപ്പെട്ട് കായംകുളം സ്വദേശിനി നൽകിയ ഹർജിയിൽ വിവരങ്ങൾ ശേഖരിക്കാൻ അഭിഭാഷക കമ്മിഷൻ ഇപ്പോൾ ഖത്തറിലാണ് .കമ്മിഷൻ 29ന് തിരിച്ചെത്തും. തുടർന്ന്, ഖത്തറിൽനിന്നു ലഭിച്ച രേഖകൾ ഹരിപ്പാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. 3 മക്കൾക്കു ചെലവിനു തുക ചോദിച്ചായിരുന്നു കായംകുളം സ്വദേശിനിയുടെ ഹർജി. എതിർകക്ഷിയുടെ വരുമാനം അനുസരിച്ചാണ് കോടതി ചെലവിന് ‌തുക നിശ്ചയിക്കുന്നത്. തനിക്ക് 11,549 ഖത്തർ റിയാൽ മാത്രമേ ശമ്പളമുള്ളൂ എന്നു കാണിച്ച് ഡോക്ടർ രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതു കണക്കിലെടുത്ത് കോടതി കായംകുളം സ്വദേശിനിയുടെ ഹർജി തള്ളി. ഇതിനെ ചോദ്യം ചെയ്ത് കായംകുളം സ്വദേശിനി അപ്പീൽ നൽകി.

എംഡി ബിരുദമുള്ള ഡോക്ടർ 15 വർഷത്തിലേറെയായി ഖത്തറിൽ ജോലി ചെയ്യുന്നെന്നും ഏകദേശം 7 ലക്ഷം രൂപ ശമ്പളമുണ്ടെന്നുമാണ് വാദം. ഖത്തറിൽ അഭിഭാഷക കമ്മിഷനെ അയച്ച് വിവരങ്ങൾ ശേഖരിക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. അതിന്റെ ചെലവ് താൻ വഹിക്കുമെന്നും അവർ കോടതിയെ ബോധിപ്പിച്ചു. ഇതിന് ഹൈക്കോടതി അംഗീകാരം നൽകിയതോടെയാണ് മജിസ്ട്രേട്ട് കോടതി അഭിഭാഷക കമ്മിഷനെ ഖത്തറിലേക്ക് അയച്ചത്. ഖത്തറിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും സ്ഥാനപതിയുമായി പ്രശ്നം ചർച്ച ചെയ്യുമെന്നും അഭിഭാഷകർ പറഞ്ഞു