എസ്എഫ്ഐ നേതാവിന്റെ മുഖത്തടിച്ചു കോതമംഗലം എസ്.ഐക്ക് സസ്പെൻഷൻ




News Desk

കോതമംഗലം: കോതമംഗലത്ത് വിദ്യാർഥികളെ മർദിച്ച എസ്‌.ഐക്ക് സസ്‌പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ എസ്.ഐ മാഹീൻ സലീമിനെതിരെയാണ് നടപടി. സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത വിദ്യാർഥിയെ എസ്.ഐ മർദിക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. യൽദോ മാർ ബസേലിയോസ് കോളജിലെ ബിരുദ വിദ്യാർഥി റോഷൻ ബെന്നിയെയാണ് പൊലീസ് മർദിച്ചത്. കോതമംഗലത്തെ എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് റോഷൻ റെന്നി. 

നീ എസ്.എഫ്.ഐക്കാരനല്ലേ എന്ന് ചോദിച്ച് എസ്.ഐ സ്റ്റേഷനിലുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി അടിക്കുകയായിരുന്നെന്ന് വിദ്യാർഥിയായ റോഷൻ റെന്നി മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുഹൃത്തിനെ പിടിച്ചുകൊണ്ടുപോയത്. പൊലീസുകാരൻ മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും വിദ്യാർഥി പറഞ്ഞു. 

അതേസമയം, ആന്റി ഡ്രഗ് ക്യാമ്പയിനിന്റെ ഭാഗമായി നൈറ്റ് പട്രോളിങിനിടെയാണ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തതെന്നാണ് എസ്.ഐയുടെ വിശദീകരണം. അർധരാത്രിയിലും പ്രവർത്തിച്ച കടയിൽ നിന്ന് വിദ്യാർഥികളെ ചോദ്യം ചെയ്തു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. ഇത് ചോദ്യം ചെയ്‌തെത്തിയ വിദ്യാർഥികളും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രശ്‌നമുണ്ടാക്കിയെന്ന് എസ്.ഐ മാഹിൻ പറഞ്ഞു.