എലിസബത്ത് രാജ്ഞിക്കു വേണ്ടി ഉംറ നിർവഹിക്കാൻ ബാനറുമായി ഹറമിൽ പ്രവേശിച്ച യമൻ സ്വദേശി അറസ്റ്റിൽ



News Desk

മക്ക: അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീർഥാടനം നിർവഹിക്കാൻ മക്കയിലെത്തിയയാൾ അറസ്റ്റിൽ. താൻ രാജ്ഞിക്കു വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയതാണെന്ന് അറിയിക്കുന്ന വിഡിയോ ഇയാൾ പങ്കുവെച്ചിരുന്നു. ഇത് സൗദിയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് രം​ഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഇയാൾ യെമൻ പൗരനാണെന്ന് സൗദി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഇയാൾ വിഡിയോ ഷൂട്ട് ചെയ്തിരുന്നു. "അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയുള്ള ഉംറ. സത്യവിശ്വാസികൾക്കൊപ്പം അവരെയും സ്വർ​ഗത്തിൽ പ്രവേശിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു" എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ടായിരുന്നു വിഡിയോ ചിത്രീകരണം. ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തി മക്കയിലേക്ക് വരുന്നതിന് വിലക്കുണ്ട്. 

മരണപ്പെട്ട മുസ്‌ലിങ്ങൾക്കു വേണ്ടി ഉംറ നിർവഹിക്കാറുണ്ട്. എന്നാൽ, അന്തരിച്ച എലിസബത്ത് രാജ്ഞി ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സമുദായങ്ങളുടെ മാതൃസഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണർ കൂടിയായിരുന്നു. 

ഉംറയുടെ എല്ലാ നിർദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് മസ്ജിദുൽ ഹറമിൽ ബാനറുമായി പ്രവേശിച്ച യെമനി പൗരനെ സുരക്ഷ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതായി സൗദി ​അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അറസ്റ്റ് ചെയ്ത ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.