ഇടുക്കി: ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്നാരോപിച്ച് റിസോര്‍ട്ടില്‍ സംഘര്‍ഷം. ഇടുക്കി രാമക്കല്‍മേട്ടിലെ സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. റിസോര്‍ട്ട് ജീവനക്കാരനെ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ടേബിളുകളും തകർത്തു. ഇതിനിടെ ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുകയും മർദിക്കുകയും ചെയ്തതായും പരാതിയുണ്ട്.
സംഭവത്തില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.