'പോപ്പുലര്‍ ഫ്രണ്ട് നിരോധനം ചോദിച്ചു വാങ്ങിയത്'; നിലപാട് വ്യക്തമാക്കി കെഎൻഎം അധ്യക്ഷൻ ടിപി അബ്ദുല്ലകോയ മഅദനി




News Desk

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം ചോദിച്ചുവാങ്ങിയതെന്ന് കെഎന്‍എം സംസ്ഥാന അദ്ധ്യക്ഷന്‍ ടിപി അബ്ദുല്ലകോയ മഅദനി. സമൂഹത്തില്‍ ചെയ്തുകൂട്ടുന്ന തീവ്രവാദ പ്രവര്‍ത്തനം കൊണ്ടു തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന അതേ വര്‍ഗീയ ധ്രുവീകരണം തന്നെയാണ് ആര്‍എസ്എസും സംഘപരിവാര സംഘടനകളും നടത്തികൊണ്ടിരിക്കുന്നത്. അധികാരികള്‍ക്ക് നീതിയോടെ കാര്യങ്ങളെ കാണാന്‍ കഴിയണം. തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങള്‍ക്കും കടിഞ്ഞാണിടണം. അല്ലെങ്കില്‍ നിരോധനം കൊണ്ടും ഫലം ഇല്ലാതെ വരും. തീവ്രചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന ഏത് നീക്കവും കരുതലോടെ കാണണമെന്നും ടിപി അബ്ദുല്ലകോയ മഅദനി പറഞ്ഞു.

തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹേബ് ഫൗണ്ടേഷന്‍ എന്നിയ്ക്കാണ് നിരോധനം.

സെപ്തംബര്‍ 22, 27 തീയതികളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സംസ്ഥാന പൊലീസ് എന്നിവര്‍ രാജ്യത്തെ പിഎഫ്‌ഐ ഓഫീസുകളില്‍ വ്യാപകറെയ്ഡ് നടത്തിയിരുന്നു. ചൊവ്വാഴ്ച്ചത്തെ റെയ്ഡില്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡല്‍ഹി, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ ഇന്നലെ റെയ്ഡ് നടക്കുന്നത്. 176 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.