ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ സ്പെഷ്യൽ മത്സരത്തിൽ വേൾഡ് ജയൻ്റ്സിനെതിരെ വിജയം കുറിച്ച് ഇന്ത്യ മഹാരാജാസ്. ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനത്തിൻ്റെ ആഘോഷമായി കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടത്തിയ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് വിജയിച്ചത്. നാളെയാണ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ പ്രധാന മത്സരങ്ങൾ ആരംഭിക്കുന്നത്.
മത്സരത്തിൽ വേൾഡ് ജയൻ്റ്സ് ഉയർത്തിയ 171 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. തൻമയ് ശ്രീവാസ്തവ 39 പന്തിൽ 54 റൺസ് നേടിയപ്പോൾ യൂസഫ് പത്താൻ 35 പന്തിൽ 50 റൺസും ഇർഫാൻ പത്താൻ 9 പന്തിൽ 20 റൺസും നേടി പുറത്താകാതെ നിന്നു. പത്തൊമ്പതാം ഓവറിൽ സിക്സ് നേടികൊണ്ടാണ് ഇർഫാൻ പത്താൻ മത്സരം ഫിനിഷ് ചെയ്തത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വേൾഡ് ജയൻ്റ്സ് 31 പന്തിൽ 9 ഫോറും ഒരു സിക്സുമടക്കം 52 റൺസ് നേടിയ കെവിൻ ഒബ്രയൻ, 29 പന്തിൽ 42 റൺസ് നേടിയ ദിനേശ് റാംദിൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. തിസേര പെരേര 16 പന്തിൽ 23 റൺസ് നേടി.
ഇന്ത്യ മഹാരാജാസിന് വേണ്ടി പങ്കജ് സിങ് നാലോവറിൽ 26 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും ഹർഭജൻ സിങ്, ജോഗിന്ദർ ശർമ്മ, മൊഹമ്മദ് കൈഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
എന്നാൽ കാലങ്ങൾക്ക് ശേഷം കളത്തിലിറങ്ങിയ ശ്രീശാന്തിന് തിളങ്ങാനായില്ല 3 ഓവറിൽ 46 റൺസാണ് താരം വിട്ടു നൽകിയത്
നാളെ ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയൻ്റ്സും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെൻ്റ് യഥാർത്ഥത്തിൽ ആരംഭിക്കുന്നത്. ഗൗതം ഗംഭീറാണ് ഇന്ത്യ ക്യാപിറ്റൽസിനെ നയിക്കുന്നത്. വീരേന്ദർ സെവാഗാണ് ഗുജറാത്തിൻ്റെ ക്യാപ്റ്റൻ.