നോയിഡ: ഭക്ഷണം നൽകാൻ വൈകിയതിന് ഭർത്താവ് ഭാര്യയെ ഫ്രൈപാൻ കൊണ്ട് തലക്കടിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. ഭർത്താവ് ബിഹാർ സ്വദേശി അനുജ് കുമാറിനെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. അത്താഴം ഉണ്ടാക്കുന്നതിനെ ചൊല്ലി ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവറാണ് അനുജ്. ജോലിക്ക് ശേഷം തിങ്കളാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയ ഇയാളും ഭാര്യയും തമ്മിൽ ഭക്ഷണം ഉണ്ടാകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഭക്ഷണം വൈകുന്നതിൽ പ്രകോപിതനായ അനുജ് ഭാര്യയെ ഫ്രൈ പാൻ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്.
പ്രതിയെ ചൊവ്വാഴ്ച മാമുറയിലെ സെക്ടർ 59 മെട്രോസ്റ്റേഷനിൽ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക്കുറ്റത്തിന് കേസ് എടുത്തതായും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ ഡൽഹിയിലും സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭക്ഷണം വിളമ്പാൻ വിസമ്മതിച്ചതിന് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ യു.പി സുൽത്താൻപൂർ സ്വദേശി വിനോദ് കുമാർ ദുബെയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.