കരിപ്പൂർ: വിവിധ രീതികളിൽ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ യുവാവ് പിടിയിൽ. വിദഗ്ധമായി കടത്താൻ ശ്രമിച്ച 39.65 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കാസർകോട് സ്വദേശി മുഹമ്മദ് ഷബീറിനെ (28) ആണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.
രണ്ട് ലേഡീസ് ബാഗുകളുടെ ഹാൻഡിലിന്റെ ഉള്ളിലും 16 പെൻസിൽ ഷാർപറിന്റെ പ്ലേറ്റുകൾ മാറ്റി പകരം സ്വർണമാക്കിയും 10 ടൈഗർ ബാമുകളുടെ അടപ്പിന്റെ താഴെ ഡിസ്ക് രൂപത്തിലും കുക്കിങ് പാനിന്റെ ഹാൻഡിലിന്റെ രൂപത്തിലാക്കിയുമായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജിനകത്തായിരുന്നു വിവിധ വസ്തുകൾക്കകത്തായി 769 ഗ്രാം സ്വർണം ഒളിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യം കുറച്ച് സ്വർണം കണ്ടെത്തിയത്.
തുടർന്ന് ബാഗേജിനകത്തെ മുഴുവൻ സാധനങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണ് വ്യത്യസ്ത രീതിയിൽ കടത്താൻ ശ്രമിച്ച മുഴുവൻ സ്വർണവും കണ്ടെത്തിയത്. ദുബൈയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഷബീർ കരിപ്പൂരിലെത്തിയത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഇയാളുടെ ബാഗേജ് ഇൻഡിഗോ വിമാനത്തിലാണ് എത്തിയത്