ദോഹ : ഖത്തറിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസുകാരി കടുത്ത ചൂടിനെത്തുടർന്നാണ് മരിച്ചത്. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് - സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് മരിച്ചത്. അൽ വഖ്‌റയിലെ സ്പ്രിങ്ഫീൽഡ് കിന്റർഗാർഡണിലെ വിദ്യാർത്ഥിനിയാണ് മിൻസ.
രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോവുകയായിരുന്നു. ഇത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാൻ ബസ് എടുക്കാനെത്തിയപ്പോളാണ് കുട്ടിയെ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരും.
രാവിലെ സ്കൂളിലേക്ക് പോയ മിന്‍സ മറിയം ജേക്കബ് ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോവുകയായിരുന്നു. സ്‍കൂളിലെത്തി മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്ന മിന്‍സ മാത്രം പുറത്തിറങ്ങിയില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്‍തിരുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം ബസ് ജീവനക്കാര്‍ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.