ദൈവത്തിന് വച്ച ബദാം എടുത്ത് കഴിച്ചു 11 കാരനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു -വിഡിയോ




മധ്യപ്രദേശിൽ പതിനൊന്നുകാരനായ കുട്ടിയെ ജൈന ക്ഷേത്രത്തിലെ പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. അവിടെ ദൈവത്തിന് അർപ്പിച്ചിരുന്ന ബദാം കുട്ടി എടുത്തു എന്ന് ആരോപിച്ചാണ് പൂജാരി കുട്ടിയെ കെട്ടിയിട്ട് തല്ലിയത്. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. രാകേഷ് ജെയിൻ എന്നയാളാണ് കുട്ടിയെ തല്ലിയത് എന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

കുട്ടിയുടെ പിതാവ് പിന്നാലെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കരീലയിലെ ജെയിൻ സിദ്ദയ്തൻ മന്ദിറിലെ പൂജാരിക്കെതിരെ കേസെടുത്തതായി മോത്തിനഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് സതീഷ് സിംഗ് പറഞ്ഞു. 

കുട്ടിയെ മരത്തിൽ കെട്ടിയിട്ടപ്പോൾ, തന്നെ വിട്ടയക്കൂ എന്ന് പറഞ്ഞ് അവൻ കരയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സപ്തംബർ എട്ടിനാണ് സംഭവം നടക്കുന്നത്. അന്ന് കുട്ടി ക്ഷേത്രത്തിലെത്തി ബദാം മോഷ്ടിച്ചു എന്ന് പറയുന്ന സമയത്ത് അവൻ ​ഗേറ്റിന്റെ അരികിൽ നിൽക്കുകയായിരുന്നു എന്നും പരാതിയിൽ പിതാവ് ആരോപിച്ചു. 

മറ്റൊരു മനുഷ്യന്റെ കൂടി സഹായത്തോടെ പൂജാരി തന്നെ പിടിച്ച് മരത്തിൽ കെട്ടിയിട്ടു എന്നും പിന്നീട് തല്ലുകയായിരുന്നു എന്നും കുട്ടിയും ആരോപിച്ചു. പട്ടിക ജാതി -പട്ടിക വർ​ഗ പീഡന നിരോധന നിയമ പ്രകാരം പൂജാരിക്കെതിരെ കേസ് എടുത്തു എന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.