കോഴിക്കോട്: പണം വാങ്ങി ഭാര്യയെ മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയ ഭർത്താവ് അറസ്റ്റിലായി. വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (35) ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. പേരാമ്പ്രയില്‍ തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗത്തിന് ഇരയായി എന്ന യുവതിയുടെ പരാതിയിലാണ് നടപടി. പേരാമ്പ്ര സി.ഐ. എം. സജീവ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതിയെ പണം വാങ്ങി വീടിനടുത്തുള്ള ഹോട്ടലിലേക്ക് തന്‍റെ കാറിലെത്തിച്ച് മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലില്‍ വച്ചുള്ള പീഡനത്തിന് പുറമേ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് ഒരാളെ കൂട്ടിക്കൊണ്ട് വരുകയും, പണം കൈപ്പറ്റി ഭാര്യയെ ലൈംഗിക ബന്ധത്തിന് ഭർത്താവ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയെ കാണാതായെന്ന് കാണിച്ച് മാതാവ് ഓഗസ്റ്റ് 14-ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
ആശുപത്രിയിൽ മാതാവിനൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് 15-ന് യുവതി പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓർത്ത് മനംമാറ്റം ഉണ്ടായതോടെ ബന്ധുവീട്ടിൽ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി അന്ന് മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ചോദ്യം ചെയ്യലിലാണ് പീഡന വിവരം യുവതി പൊലീസിനോട് പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച അബ്ദുൾ ലത്തീഫിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.